02/05/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ മലയാളത്തിന്റെ അക്ഷരവെളിച്ചം; ദാറുൽ ഹുദാ ഗേൾസ് കാമ്പസ് നാടിനു സമർപ്പിച്ചു

 ബംഗാളിൽ മലയാളത്തിന്റെ അക്ഷരവെളിച്ചം; ദാറുൽ ഹുദാ ഗേൾസ് കാമ്പസ് നാടിനു സമർപ്പിച്ചു

കൊൽക്കത്ത: സ്ത്രീ വിദ്യാഭ്യാസ-ശാക്തീകരണ മുന്നേറ്റ വഴിയിൽ ദാറുൽ ഹുദാ ഇസ്ലാമിക സർവകലാശാലയുടെ മിഴിവാർന്നൊരു അധ്യായത്തിന് ബംഗാളിൽ സമാരംഭം കുറിച്ചു. പശ്ചിമ ബംഗാളിലെ വാഴ്സിറ്റി ഓഫ് കാമ്പസ് സെന്ററിൽ ആരംഭിക്കുന്ന സഹ്‌റാവിയ്യ കോഴ്സിനായി പണിത പ്രവിശാലമായ ഗേൾസ് കാമ്പസ് സമുച്ചയം ചാൻസലർ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചു. ബിർഭൂം ജില്ലയിലെ ബീംപൂരിലാണ് ഓഫ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.

അര ലക്ഷത്തിലധികം ചതുരശ്ര അടിയിൽ, ക്ലാസ് മുറികളും ഹോസ്റ്റൽ റൂമുകളും അടങ്ങിയ അതിവിശാലമായ കാമ്പസ് ആണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. 6.82 കോടി രൂപ ചെലവിലാണ് വിദ്യാഭ്യാസ കേന്ദ്രം പണിതത്. ആലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി മുൻ പ്രൊഫസറുമായ പ്രൊഫ. ഡോ റഫീഖുൽ ഇസ്ലാം, ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി, വെസ്റ്റ് ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്മദ് ഹസൻ മുറാറൈ, ഡോ. മുശർറഫ് ഹുസൈൻ എം.എൽ.എ, ദാറുൽ ഹുദാ സെക്രട്ടറി യു. ഷാഫി ഹാജി തുടങ്ങി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഒന്നര പതിറ്റാണ്ടു മുൻപാണ് സാമൂഹിക വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി ദാറുൽ ഹുദാ സംരംഭങ്ങൾ പശ്ചിമ ബംഗാളിൽ തുടക്കം കുറിക്കുന്നത്. ഹുദവി കാമ്പസിനു പുറമെ, ദാറുൽ ഫൗസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഹിഫ്ദ് കോളേജ്, പ്രീ സ്‌കൂൾ അടക്കം അര ഡസനിലധികം വിദ്യാഭ്യാസ പദ്ധതികൾ വഴി വ്യവസ്ഥാപിതമായ സാമൂഹ്യ ശാക്തീകരണ പ്രക്രിയ ഇതിനകം ഇവിടെ നടക്കുന്നുണ്ട്. ഇതിനു പുറമെ ദാറുൽ ഹുദാ പൂർവവിദ്യാർഥി കൂട്ടായ്മ ഹാദിയ നടത്തുന്ന ദേശീയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വേറെയും നടക്കുന്നുണ്ട്.

Also read: