11/05/2026
[fontresizer_tawhidurrahmandear_widget]

അന്ന് തൃഷ പറഞ്ഞു: ‘ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, കാത്തിരുന്ന് കാണൂ’

 അന്ന് തൃഷ പറഞ്ഞു: ‘ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, കാത്തിരുന്ന് കാണൂ’

ചെന്നൈ: തമിഴ്‌നാട് നിയമസഭാ രഞ്ഞെടുപ്പിൽ ദളപതി വിജയ് ചരിത്ര വിജയം കുറിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം നടി തൃഷ കൃഷ്ണന്റെ ഒരു പഴയ അഭിമുഖമാണ്. ‘എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകണം, വെയിറ്റ് ആൻഡ് സീ’ എന്ന് തൃഷ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. സുഹൃത്തായ വിജയ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട സാഹചര്യത്തിൽ, തൃഷയുടെ ആ പഴയ വാക്കുകൾ ഒരു പ്രവചനം പോലെ പുലരുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഭാവിപദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തൃഷയുടെ ഈ മാസ് മറുപടി. തമാശ കലർന്ന ഭാവത്തിലാണെങ്കിലും, ‘ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, അത് സംഭവിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം’ എന്നായിരുന്നു തൃഷ അന്ന് പറഞ്ഞത്. രാഷ്ട്രീയത്തെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്ന് അന്ന് താരം കൂട്ടിച്ചേർത്തിരുന്നെങ്കിലും, തമിഴ് മണ്ണ് സിനിമയിലെ സൂപ്പർതാരങ്ങളെ മുഖ്യമന്ത്രിമാരായി സ്വീകരിച്ച ചരിത്രം തൃഷ അടിവരയിട്ട് പറഞ്ഞിരുന്നു.

വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുക്കുമ്പോൾ, തൃഷയും രാഷ്ട്രീയത്തിലേക്ക് എത്തണമെന്നാണ് ആരാധകരുടെ ആവശ്യം. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തി തമിഴകത്തിന്റെ ‘അമ്മ’യായി മാറിയ ജയലളിതയുടെ പിൻഗാമിയാകാൻ തൃഷയ്ക്ക് സാധിക്കുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. ‘നെക്സ്റ്റ് ജയലളിത’ എന്ന ഹാഷ്ടാഗുകളോടെയാണ് തൃഷയുടെ പഴയ വീഡിയോ ആരാധകർ ഷെയർ ചെയ്യുന്നത്.

സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളായ വിജയ്യും തൃഷയും രാഷ്ട്രീയത്തിലും കൈകോർക്കുമോ എന്നാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. ടിവികെയുടെ ഗംഭീര വിജയത്തിന് പിന്നാലെ വിജയ്യെ അഭിനന്ദിക്കാൻ തൃഷ മുൻപന്തിയിലുണ്ടായിരുന്നു. വിജയ്യുടെ പാർട്ടിയിലേക്ക് തൃഷ എത്തുകയാണെങ്കിൽ അത് തമിഴ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഗ്ലാമറസ് സഖ്യമായി മാറും.

നിലവിൽ സിനിമകളിൽ തിരക്കിലാണെങ്കിലും, തൃഷയുടെ ഈ പഴയ ‘വെയിറ്റ് ആൻഡ് സീ’ പ്രയോഗം ഇപ്പോൾ സത്യമാകാൻ പോകുകയാണോ എന്ന ആകാംക്ഷയിലാണ് തമിഴ് ജനത.

Also read: