11/05/2026
[fontresizer_tawhidurrahmandear_widget]

‘ടൗൺഷിപ്പ് നന്ദികേടിന്റെ സ്മാരകം’; ദുരന്തബാധിതരോട് അരിശംതീർത്ത് സിപിഎമ്മുകാർ: സൈബറിടങ്ങളിൽ ക്രൂരമായ അധിക്ഷേപവും അവഹേളനവും

 ‘ടൗൺഷിപ്പ് നന്ദികേടിന്റെ സ്മാരകം’; ദുരന്തബാധിതരോട് അരിശംതീർത്ത് സിപിഎമ്മുകാർ: സൈബറിടങ്ങളിൽ ക്രൂരമായ അധിക്ഷേപവും അവഹേളനവും

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ഉരുൾപൊട്ടൽ ദുരന്തബാധിതരെ ലക്ഷ്യമിട്ട് സൈബർ ഇടങ്ങളിൽ സിപിഎം പ്രവർത്തകർ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിനെ ‘നന്ദികേടിന്റെ സ്മാരകം’ എന്ന് വിശേഷിപ്പിച്ചും അതിജീവിതരെ ക്രൂരമായ വാക്കുകളാൽ അവഹേളിച്ചുമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നത്.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിൽ ടൗൺഷിപ്പ് വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് അധിക്ഷേപങ്ങളുടെ പ്രവാഹം. ദുരന്തബാധിതരെ ‘നന്ദിയില്ലാത്ത പട്ടികൾ’ എന്നും ‘വിഷമുള്ള മനുഷ്യർ’ എന്നും വിളിച്ചും, ഇവർക്ക് വീട് നൽകുന്നതിനേക്കാൾ നല്ലത് കേന്ദ്രസർക്കാരിനെപ്പോലെ ഒന്നും നൽകാതിരിക്കുന്നതായിരുന്നു എന്നും ചിലർ കമന്റ് ചെയ്യുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ കഷ്ടപ്പെട്ട് സമാഹരിച്ച പണം നൽകിയിട്ടും തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ലെന്ന പരിഭവമാണ് പ്രകോപനങ്ങൾക്ക് പിന്നിൽ.

ദുരന്തസമയത്ത് യുഡിഎഫ് നൽകിയ കലണ്ടറിനും ഡയറിക്കുമുള്ള വില പോലും സർക്കാർ നൽകിയ വീടുകൾക്ക് ജനങ്ങൾ നൽകിയില്ലെന്ന പരിഹാസവും സൈബർ പോരാളികൾ ഉയർത്തുന്നുണ്ട്. പൊതിച്ചോറ് വിതരണം നിർത്തലാക്കണമെന്നും ഇനിയൊരു ദുരന്തം വന്നാൽ സഹായത്തിന് പോകരുതെന്നുമുള്ള ആഹ്വാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ, ഭരണകൂടം നൽകുന്ന സഹായങ്ങൾ പാർട്ടിയുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ജനങ്ങളുടെ ദുരിതത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി കാണുന്നതാണ് ഇത്തരം മനോഭാവത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭരണകൂടത്തിന്റെ കടമയെ വോട്ട് ബാങ്ക് രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Also read: