വയറുവേദനക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതിയുടെ ഇടതുകാൽ തളർന്നു: പാലക്കാട്ട് ചികിത്സാ പിഴവെന്ന് പരാതി
പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതിയുടെ കാൽ തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ അലീമയ്ക്കാണ് (28) ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നത്. കഴിഞ്ഞ മാർച്ച് 22-ന് വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ അലീമയ്ക്ക് കയ്യിലും ഇടുപ്പിലുമായി രണ്ട് ഇഞ്ചക്ഷനുകൾ നൽകിയിരുന്നു.
ഇഞ്ചക്ഷന് പിന്നാലെ കാലിന് അമിതവേദന അനുഭവപ്പെട്ട കാര്യം ഡോക്ടറെ അറിയിച്ചെങ്കിലും വിറ്റാമിൻ കുറവാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ വേദന വർധിക്കുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്നും തുടർചികിത്സയ്ക്ക് സർക്കാർ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് അലീമയുടെ ഭർത്താവ് ഫിറോസ് രംഗത്തെത്തി.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ കുഴൽമന്ദം പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.