വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില്‍ ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23- കാരൻ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്.
വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ അതിൽ ഗർഭപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ട് അമ്പരന്നു. പേരും വയസും പരിശോധിച്ചപ്പോൾ അത് ഷിഹാസിന്റേത് തന്നെയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജിലെത്തി വിവരം തിരക്കിയ ഷിഹാസിനോട് ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോൾ റിപ്പോർട്ട് വാങ്ങി ചവറ്റുകൊട്ടയിലിടുകയും തർക്കത്തിനൊടുവിൽ പുതിയ റിപ്പോർട്ട് നൽകുകയുമായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പോലീസിനും യുവാവ് പരാതി നൽകിയിട്ടുണ്ട്.