28/04/2026
[fontresizer_tawhidurrahmandear_widget]

ഇന്ന് മുതൽ ‘ഇരുണ്ട കാലം’; സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, 6-നും 12-നും ഇടയിൽ കറന്റ് പോകും

 ഇന്ന് മുതൽ ‘ഇരുണ്ട കാലം’; സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, 6-നും 12-നും ഇടയിൽ കറന്റ് പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 മെഗാവാട്ടിന്റെ കുറവ് ഉടൻ പരിഹരിക്കപ്പെടുമെങ്കിലും ഉപഭോഗം നിയന്ത്രിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് അധികൃതർ വിലയിരുത്തുന്നു.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണം. എസിയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനാവില്ല എന്നതിനാൽ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കണം. പശ്ചിമേഷ്യൻ യുദ്ധം കാരണം പാചകവാതകത്തിന് ക്ഷാമം നേരിട്ടതോടെ പലരും ഇൻഡക്ഷൻ കുക്കറുകളെ അമിതമായി ആശ്രയിക്കുന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അതിനാൽ ഈ സമയങ്ങളിൽ ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ്, വാഷിങ് മെഷീൻ, പമ്പ് സെറ്റ് എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

അത്യാവശ്യമില്ലാത്ത ലൈറ്റുകൾ അണച്ചും വൈദ്യുതി ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചും ഈ ഘട്ടത്തിൽ സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. ഓരോ ദിവസത്തെയും സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തും. ഊർജത്തിന്റെ മിതമായ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ എനർജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അധ്യക്ഷനായ യോഗത്തിൽ കെഎസ്ഇബി ചെയർമാൻ മിൻഹാജ് ആലം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Also read: