17/06/2026
[fontresizer_tawhidurrahmandear_widget]

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഞരമ്പ് മുറിഞ്ഞു, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതിയുമായി കുടുംബം

 ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ഞരമ്പ് മുറിഞ്ഞു, കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതിയുമായി കുടുംബം

മഞ്ചേരി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി ഒരു കുടുംബം രംഗത്ത്. എല്ലിന്റെ തേയ്മാനം പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒലവട്ടൂർ സ്വദേശിനി പാർവതിയുടെ (73) വലതുകാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായും കാലിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടതായും ബന്ധുക്കൾ ആരോപിച്ചു. മെയ് ആദ്യവാരം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയെ മെയ് 12-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

രാവിലെ ഏഴു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയയ്ക്ക് ശേഷം 11 മണിയോടെ ഇവരെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി പാർവതിയുടെ ചെറുമകൻ രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ, അന്ന് രാത്രി വയോധികയുടെ കാലിന്റെ നിറം മാറാൻ തുടങ്ങുകയും കടുത്ത വേദനയും അസ്വാഭാവികമായ തണുപ്പും അനുഭവപ്പെടുകയും ചെയ്തു. ബന്ധുക്കൾ വിവരം ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ അറിയിച്ചെങ്കിലും ആദ്യം ആശങ്കപ്പെടാനില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്. പിന്നീട് സ്ഥിതി വഷളായതോടെ, അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അധികൃതർ ബന്ധുക്കളെ നിർബന്ധിക്കുകയായിരുന്നു.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ സ്‌കാനിങ്ങിലാണ് വയോധികയുടെ കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞുപോയതായും, അത് മടക്കി സ്റ്റാപ്ലർ ഉപയോഗിച്ച് തുന്നിവെച്ചിരിക്കുകയാണെന്നും കുടുംബം തിരിച്ചറിഞ്ഞത്. ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായി നിലച്ചതാണ് കറുത്ത നിറം വരാൻ കാരണമായതെന്ന് കോഴിക്കോട്ടെ ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ വയോധികയുടെ കാലിന്റെ ചലനശേഷി പാടെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം ഇതിനോടകം അഞ്ചോളം ശസ്ത്രക്രിയകൾ കൂടി ഇവർക്ക് ചെയ്യേണ്ടി വന്നതായും രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്നും കുടുംബം പറഞ്ഞു.

സംഭവത്തിൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരോട് ഡിഎംഒ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, ഈ സംഭവം ഇപ്പോഴാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹവുമായി സംസാരിച്ച ശേഷം മാത്രമേ കൃത്യമായ വിശദീകരണം നൽകാൻ സാധിക്കൂ എന്നുമാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ മറുപടി.

Also read: