വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് 9ാം വർഷം ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിച്ച് നഷ്ടപരിഹാരവും കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലിയും നൽകുമെന്ന് ഉറപ്പുനൽകി. മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും ഹർഷിന നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ നിർണായകമായ ഈ തീരുമാനം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.
2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ചികിത്സ പിഴവിന് ഇരയായത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ തുടർ പരിശോധനയിലാണ് 2022 സെപ്തംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഈ കത്രിക പുറത്തെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് ഡോക്ടർമാരെടും രണ്ട് നഴ്‌സുമാരെയും പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു.
മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് കത്രി ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയത്. സംഭവത്തിൽ മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ ശാസ്ത്രിയ പരിശോധനയിലൂടെ കത്രിക വയറ്റിൽ കുടുങ്ങിയത് കോഴിക്കോട് നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായക വഴിത്തിരിവായി മാറി. ഇതിനു പുറമെ തെറ്റ് പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.