മനുഷ്യത്വത്തിൻ്റെ മറുമുഖം; അപരിചിതനായ മൂന്ന് വയസുള്ള അർബുദ ബാധിതനെ രക്ഷിക്കാൻ രണ്ടാഴ്ച കച്ചവടം നിർത്തിവെച്ചു; പിന്തുണയുമായി ആയിരങ്ങൾ
ബീജിങ് : രക്താർബുദം ബാധിച്ച മൂന്ന് വയസ്സുള്ള കുഞ്ഞിന് രക്തമൂലകോശ ദാനം ചെയ്യുന്നതിനായി തന്റെ ഉപജീവനമാർഗ്ഗമായ ബാർബിക്യൂ സ്റ്റാൾ ആഴ്ചകളോളം അടച്ചിട്ട യുവാവിന്റെ കഥ ലോകമെങ്ങും ശ്രദ്ധേയമാകുന്നു. മധ്യ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള 33-കാരനായ ഷാവോ സാൻഹു ആണ് മാനവികതയുടെ ഉദാത്തമായ മാതൃകയായത്.
മുൻപരിചയമില്ലാത്ത ഒരു കുഞ്ഞിന് വേണ്ടി സ്റ്റെം സെൽ ദാന പ്രക്രിയ പൂർത്തിയാക്കാനാണ് ഷാവോ രണ്ടാഴ്ചയോളം തന്റെ ബിസിനസ്സ് നിർത്തിവെച്ചത്. ഏപ്രിൽ 18-ന് കുടുംബപരമായ കാര്യങ്ങൾ എന്ന് നോട്ടീസ് പതിച്ചാണ് അദ്ദേഹം കട പൂട്ടിയത്. വാടകയും ശമ്പളവും ഉൾപ്പെടെ ഏകദേശം 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) നഷ്ടം സഹിച്ചാണ് ഷാവോ ഈ തീരുമാനമെടുത്തത്. ഏപ്രിൽ 27-ന് ഹെഫെയിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം വിജയകരമായി സ്റ്റെം സെല്ലുകൾ ദാനം ചെയ്തു.
മെയ് 1-ന് കട വീണ്ടും തുറന്ന ഷാവോയെ കാത്തിരുന്നത് വലിയ അത്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ സുമനസ്സിനെക്കുറിച്ച് അറിഞ്ഞ നൂറുകണക്കിന് ആളുകളാണ് ഭക്ഷണത്തിനായി കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. ഒരാൾ ഏഴ് മണിക്കൂറോളം യാത്ര ചെയ്താണ് ഷാവോയെ നേരിൽ കാണാൻ എത്തിയത്. വലിയ തിരക്ക് അനുഭവപ്പെട്ടതോടെ പ്രാദേശിക റെസ്റ്റോറന്റ് അസോസിയേഷൻ ജീവനക്കാരെ നൽകിയും മറ്റും ഷാവോയെ സഹായിക്കാൻ മുന്നോട്ടുവന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പ്രശംസയാണ് യുവാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.