03/06/2026
[fontresizer_tawhidurrahmandear_widget]

ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനം; യുപിയിൽ 226 വർഷം പഴക്കമുള്ളത് ഉൾപ്പെടെ ആറ് പള്ളികൾ പൊളിച്ചുനീക്കുന്നു

 ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനം; യുപിയിൽ 226 വർഷം പഴക്കമുള്ളത് ഉൾപ്പെടെ ആറ് പള്ളികൾ പൊളിച്ചുനീക്കുന്നു

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി നടപടികൾ തുടരുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള നാലാം നമ്പർ ഗേറ്റിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായി 650 മീറ്റർ നീളമുള്ള ദൽമണ്ഡി റോഡ് 17.4 മീറ്റർ വീതി കൂട്ടാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പള്ളികളും 180ഓളം വീടുകളും പൊളിച്ചുനീക്കാൻ അധികൃതർ നടപടി ആരംഭിച്ചു.

ഏകദേശം 226 വർഷം പഴക്കമുള്ള മിർസ കരീമുള്ള ബേഗ് പള്ളിയാണ് പൊളിച്ചുനീക്കാൻ ഉൾപ്പെടുത്തിയ പട്ടികയിലെ പ്രധാനപ്പെട്ടത്. ഇതിനു പുറമെ മാർബിൾ വാലി മസ്ജിദ്, അലി റാസ ഖാൻ മസ്ജിദ്, നിസാരൻ മസ്ജിദ്, രംഗീലേ ഷാ മസ്ജിദ്, ലംസ്‌ഡേ ഹാഫിസ് മസ്ജിദ് എന്നിവയും റോഡ് വികസന പദ്ധതിയുടെ പരിധിയിൽ വരുന്നു. ചരിത്രപരമായ പ്രാധാന്യമുള്ള ഇത്തരം ആരാധനാലയങ്ങൾ മാറ്റുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

മെയ് 31നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കി ആഗസ്ത് മാസത്തോടെ റോഡ് പണി തീർക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ നൂറിലധികം കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്തതായാണ് വിവരം. പള്ളികളുടെ കാര്യത്തിൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ നഷ്ടപരിഹാരം നൽകാമെന്നും അല്ലാത്ത പക്ഷം ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ സൗകര്യം ഒരുക്കാമെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. നിലവിൽ മൂന്ന് ബുൾഡോസറുകളും നൂറിലധികം തൊഴിലാളികളും എല്ലാ ദിവസവും പൊളിക്കൽ പ്രവൃത്തി തുടരുകയാണ്.

എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ പൊളിക്കുന്നതിനെതിരെ അൻജുമാൻ ഇൻതെസാമിയ പള്ളി കമ്മിറ്റി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പള്ളികൾക്ക് കോടതിയുടെ സ്‌റ്റേ ഉണ്ടെന്നും പള്ളികൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ഇസ്ലാമിക നിയമപ്രകാരം അനുവദനീയമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മതിയായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പാക്കാതെയാണ് ഭരണകൂടം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതെന്ന് പ്രദേശത്തെ വ്യാപാരികളും താമസക്കാരും ആരോപിക്കുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ദൽമണ്ഡി മേഖലയിൽ നിലവിൽ ഈ ബുൾഡോസർ നടപടികൾ പുരോഗമിക്കുന്നത്.

Also read: