‘പെട്രോൾ വില കൂടിക്കോട്ടെ 500 ആയാലും കുഴപ്പമില്ല’; ഗുജറാത്തിൽ ബിബിസി റിപ്പോർട്ടറോട് പ്രതികരിച്ച് നാട്ടുകാർ
ഗാന്ധിനഗർ: രാജ്യത്തെ പെട്രോൾ വില വർധനവിൽ ഒരു കുഴപ്പവുമില്ലെന്ന അഭിപ്രായവുമായി ഗുജറാത്തിൽ നിന്നുള്ള യുവാവിന്റെ മറുപടി വൈറലായി. ബിബിസി ന്യൂസിന്റെ റിപ്പോർട്ടിലാണ് വിചിത്ര മറുപടിയുമായി യുവാവ് രംഗത്തെത്തിയത്. ‘വില കൂടി അഞ്ഞൂറ് രൂപയായാലും കുഴപ്പമില്ല, ജീവിതമൊക്കെ അടിപൊളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇയാളുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘ഗുജറാത്തിൽ നിന്നുള്ള ഒരു നിഷ്‌കളങ്കനായ മോദി ഭക്തൻ’ എന്ന് ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു.
രാജ്യത്ത് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധനവിലയിൽ ഇത്ര വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരുടെ ജീവിതത്തെയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. മേയ് 15 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചതും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 110 രൂപ കടന്നുനിൽക്കുകയാണ്. ഈ വർധനവ് ചരക്ക് നീക്കത്തെയും യാത്രാ ചെലവിനെയും നേരിട്ട് ബാധിക്കുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനും പണപ്പെരുപ്പം വർധിക്കാനും ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചരക്ക് കൂലി ഉയരുന്നത് പച്ചക്കറി, പാൽ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുന്നതോടെ ഇടത്തരം കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ ഈ വിലവർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകാനാണ് സാധ്യത. ഇതോടെ വിലക്കയറ്റവും രാഷ്ട്രീയ നിലപാടുകളും തമ്മിലുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.