‘ഇവർ ഭരണാധികാരികളല്ല, ജനസേവകർ മാത്രം. അധികാരം ജനനന്മക്ക് വേണ്ടി മാത്രം’: സാദിഖലി തങ്ങൾ
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാളുകൾ ഭരണാധികാരികളല്ല, ജനസേവകരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ‘കേരളത്തിന്റെ ജനാഭിലാഷം പൂവണിഞ്ഞിരിക്കുന്നു. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ സ്ക്രീനുകൾക്ക് മുമ്പിൽ ഒത്തുകൂടിയ ജനങ്ങളെ സാക്ഷിയാക്കി ജനനായകർ സംസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക്’ സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവരെയും ചേർത്തുനിർത്തുന്ന ഭരണമായിരിക്കും ഇതെന്ന് വ്യക്തമാകുന്നതായിരുന്ന സത്യപ്രതിജ്ഞാ വേദിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും ചടങ്ങിനെത്തിക്കാൻ യുഡിഎഫിന് സാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഹങ്കാരവും അധികാരത്തിന്റെ ഗർവ്വുമില്ലാതെ ഭരണാധികൾ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന കാലമാണ് ഇനിയെന്നും കേരളത്തിൽ പുതുയുഗം പിറന്നിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു