‘ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഭയം?’; നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മോദിക്കെതിരെ രാഹുൽ ഗാന്ധി
ഓസ്ലോ: ഔദ്യോഗിക നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് ചർച്ചയാകുന്നു. ചോദ്യങ്ങൾ കേട്ട ഭാവം നടിക്കാതെ പ്രധാനമന്ത്രി പോകുന്നതിന്റെ ദൃശ്യങ്ങൾ ഒരു നോർവീജിയൻ മാധ്യമപ്രവർത്തകയാണ് എക്സിൽ പങ്കുവെച്ചത്. ഈ വിഡിയോ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷിചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്‌താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിങ് മോദിയോട് ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം ചോദ്യങ്ങളെ ഗൗനിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് ഹെല്ലെ ലിങ് ചോദിക്കുന്നത് വിഡിയോയിലുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് ഉത്തരം നൽകില്ലെന്ന് അറിയാമായിരുന്നെന്നും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലിങ് പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.
“ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല” എന്ന് വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധി ഈ വിഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ചോദിച്ചു. മുൻപ് നെതർലൻഡ്‌സ് സന്ദർശന വേളയിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ മോദി നേരിടാത്തത് വാർത്തയായിരുന്നു. സാധാരണയായി രാഷ്ട്രത്തലവന്മാർ സംയുക്തമായി മാധ്യമങ്ങളെ കാണാറുണ്ടെങ്കിലും, നോർവേയിൽ പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജാണ് മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും അവകാശ ലംഘനങ്ങളെയും കുറിച്ച് ഹെല്ലെ ലിങ് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഇന്ത്യക്കെതിരെയുള്ള വിമർശനങ്ങൾ ചില അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ അറിവില്ലാത്ത റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു സിബി ജോർജ്ജിന്റെ മറുപടി.