അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ലാവ്; ധൈര്യപൂർവം ഏറ്റെടുത്ത് മന്ത്രിസഭയിലെ പയ്യൻസ് ഒ.ജെ ജനീഷ്
തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴൊക്കെ ശാപക്കഥകളും അന്ധവിശ്വാസങ്ങളും നിറയാറുള്ള ‘മന്‍മോഹന്‍ ബംഗ്ലാവിലേക്ക്’ പുതിയൊരു താമസക്കാരനെത്തുന്നു. വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരനായ മന്ത്രി ഒ.ജെ ജനീഷിനാണ് ഇക്കുറി മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ലഭിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചാല്‍ മന്ത്രിസ്ഥാനം തെറിക്കുമെന്നും പിന്നീട് നിയമസഭ കാണില്ലെന്നുമുള്ള പ്രചാരണങ്ങളെ ധൈര്യസമേതം തള്ളിക്കളഞ്ഞാണ് യുവമന്ത്രിയുടെ വരവ്.
തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ബംഗ്ലാവ് 2006-ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് വിവാദ കേന്ദ്രമായത്. അന്ന് ഇവിടെ താമസിച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാസ്തുദോഷം ചൂണ്ടിക്കാട്ടി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം മോടിപിടിപ്പിച്ചെങ്കിലും ഒടുവില്‍ വസതി ഉപേക്ഷിച്ചു. പിന്നാലെയെത്തിയ ടി.യു കുരുവിളയ്ക്ക് ഭൂമിയിടപാട് വിവാദത്തില്‍പെട്ട് രാജിവെക്കേണ്ടി വന്നു. തുടർന്ന് താമസക്കാരായ മോന്‍സ് ജോസഫിനും പി.ജെ ജോസഫിനും കാലാവധി തികയ്ക്കാനാകാതെ ബംഗ്ലാവ് ഒഴിയേണ്ടിയും വന്നു. ഇതോടെയാണ് മന്ദിരത്തെച്ചൊല്ലി അന്ധവിശ്വാസങ്ങള്‍ ശക്തമായത്.
എന്നാല്‍, പിന്നീട് വന്ന ആര്യാടന്‍ മുഹമ്മദും തോമസ് ഐസക്കും അഞ്ച് വര്‍ഷം തികച്ച് താമസിച്ച് ഈ അശുഭവിശ്വാസം തെറ്റാണെന്ന് തെളിയിച്ചു. കാലാവധി തികയ്ക്കാതെ ഇറങ്ങിപ്പോയ പി.ജെ ജോസഫും മോന്‍സ് ജോസഫും പിന്നീട് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ആന്റണി രാജുവാണ് ഇവിടെ താമസിച്ചിരുന്നത്.
അന്ധവിശ്വാസങ്ങളെ തള്ളി ഈ വസതി തെരഞ്ഞെടുത്ത മന്ത്രി ഒ.ജെ ജനീഷിനെ പ്രശംസിച്ച് വി.ടി ബല്‍റാം രംഗത്തെത്തി. പൊതുപ്രവര്‍ത്തകന് മറ്റെന്തിനേക്കാളും വിശ്വാസമുണ്ടാവേണ്ടത് ജനങ്ങളിലാണെന്നും, ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ മറ്റ് ‘അതീന്ദ്രിയ ശക്തികള്‍ക്കൊന്നും’ നാടിന്റെ നന്മയ്ക്ക് മുന്നില്‍ റോളുണ്ടാകില്ലെന്നും ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു. അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ് തുടക്കത്തില്‍ത്തന്നെ പ്രതീക്ഷയാവുന്ന യുവ സ്നേഹിതന് അദ്ദേഹം അഭിവാദ്യങ്ങളും നേര്‍ന്നു.