02/06/2026
[fontresizer_tawhidurrahmandear_widget]

എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ചുമതല മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്

 എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ചുമതല മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. ഇന്നലെ പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് പുതിയ എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് പുതിയ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. സ്റ്റാർട്ടപ്പുകൾ, മൈനിങ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ വകുപ്പുകളിൽ ഉൾപ്പെടുന്നു.

എഐ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന സംസ്ഥാനം, ഇതിനായി പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യവസായ നയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു മുൻഗണനാ മേഖലയായി അംഗീകരിക്കുകയും, നിക്ഷേപങ്ങളെയും പ്രതിഭകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എഐ, ജെൻഎഐ കോൺക്ലേവുകൾക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ സർക്കാർ എഐക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, പൊതുസേവനങ്ങൾ എന്നിവയിൽ കേരളം ഇതിനകം തന്നെ വിവിധ എഐ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. എഐ, മെഷീൻ ലേണിങ് പരിശീലനങ്ങൾ, എഐ അധിഷ്ഠിത റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ, സാങ്കേതികവിദ്യാധിഷ്‌ഠിത ഭരണനിർവഹണ മാതൃകകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഇതിന്റെ ഭാഗമായി നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ വകുപ്പിന്റെ രൂപീകരണത്തോടെ ഈ മേഖലയിൽ കൂടുതൽ ഊർജസ്വലമായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: