ഇസ്രയേൽ ഗസ്സയിലെ ഉപരോധം നീക്കുന്നത് വരെ ‘സുമുദ്’ തുടരും; ഫലസ്തീൻ ജനതക്കായുള്ള പോരാട്ടവുമായി മുന്നോട്ടു പോവുമെന്നും മലേഷ്യ
ക്വലാലമ്പൂർ: ഗസ്സയ്ക്ക് മേലുള്ള ഇസ്രായേലിന്റെ ഉപരോധം നീക്കുന്നതുവരെ തങ്ങൾ ‘സുമുദു’ ക്യാമ്പെയ്‌നുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ഫ്‌ളോറ്റിലയിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി പീഡിപ്പിച്ചതിന് ഇസ്രയേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും മലേഷ്യ. കഴിഞ്ഞ ആഴ്ചയാണ് ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഫ്‌ളോറ്റിലയിലെ മലേഷ്യൻ പൗരന്മാർ ഉൾപ്പെടെയുള്ള നാനൂറിലധികം സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ സേന തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ മലേഷ്യ ഒരുങ്ങുന്നത്.
ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ സന്നദ്ധപ്രവർത്തകർക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവെ മലേഷ്യൻ സംസ്ഥാനമായ സെലാംഗോറിലെ മുഖ്യമന്ത്രി അമീറുദ്ദീൻ ശാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിനെക്കുറിച്ചും സന്നദ്ധപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനെക്കുറിച്ചുമുള്ള കൃത്യമായ രേഖകളും തെളിവുകളും അഭിഭാഷകരുടെ സംഘം ശേഖരിച്ചുവരികയാണെന്നും, ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേലിനെതിരെ കോടതിയിൽ നിയമനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഈ വിഷയത്തിൽ ഒരിക്കലും നിശബ്ദരായിരിക്കില്ലെന്നും ഇസ്രയേലിന് മേൽ നയതന്ത്ര സമ്മർദ്ദം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ സുമുദു ഫ്‌ലോട്ടില്ല 2.0 ദൗത്യം അവസാനിച്ചെങ്കിലും പലസ്തീൻ ജനതയ്ക്കായുള്ള മലേഷ്യയുടെ പോരാട്ടം അവസാനിക്കില്ലെന്നും ഗസ്സയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനായി മലേഷ്യൻ സർക്കാർ ലോകമെമ്പാടും വലിയ രീതിയിലുള്ള നയതന്ത്ര പ്രചാരണങ്ങൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഗസ്സയിലെ മനുഷ്യത്വരഹിതമായ ഉപരോധം പൂർണ്ണമായും നീക്കുന്നതുവരെ ‘സുമുദു 3.0’ എന്ന പേരിൽ അടുത്ത ഘട്ട പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും മലേഷ്യൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.