‘തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും’; മമതയ്ക്കെതിരെ കടുത്ത വിമർശനവുമായി പാർട്ടി എംപി
മമത ബാനർജി, സുഖേന്ദു ശേഖർ റോയ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. വരും ദിവസങ്ങളിൽ പാർട്ടി പൂർണ്ണമായും തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ പോലും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം തുറന്നടിച്ചു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയും തൃണമൂലുമായി സഖ്യത്തിനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതക കേസ് കൈകാര്യം ചെയ്ത രീതി തീർത്തും തെറ്റായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും അതിനായി പോലീസിനെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ആർജി കർ വിഷയത്തിൽ ഉയർന്ന ജനകീയ പ്രതിഷേധങ്ങൾ പാർട്ടിക്ക് എതിരായ വികാരത്തിന്റെ വ്യക്തമായ സൂചനയായിരുന്നു. എന്നാൽ അത് മനസ്സിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. കൂടാതെ പാർട്ടി നേതാക്കളുടെ അഴിമതികൾ ചിന്തിക്കാൻ പോലും കഴിയാത്തത്ര വലുതാണ്. ഇത് നിയന്ത്രിക്കുന്നതിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടു. ഹിന്ദു മതത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളിലൂടെ മുൻ മുഖ്യമന്ത്രി ജനങ്ങളെ കൂടുതൽ അകറ്റിയെന്നും ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പ് തോൽവി അനിവാര്യമായിരുന്നുവെന്നും സുഖേന്ദു ശേഖർ റോയ് കൂട്ടിച്ചേർത്തു. താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള എല്ലാ നേതാക്കളും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഐ-പാക്കിനെ (I-PAC) നിയോഗിച്ച പാർട്ടിയിലെ രണ്ടാമനും രാജ്യസഭാ എംപിയുമായ അഭിഷേക് ബാനർജിക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. പാർട്ടിയിൽ അഭിഷേകിന്റെ പെട്ടെന്നുള്ള വളർച്ചയെ പല മുതിർന്ന നേതാക്കളും എതിർത്തിരുന്നു. 2018-ൽ ഐ-പാക്കിനെ നിയമിച്ചപ്പോൾ പാർട്ടിയുടെ പഴയ തലമുറയിൽ നിന്ന് വലിയ എതിർപ്പുണ്ടായെങ്കിലും 2021-ലെ നിയമസഭാ വിജയം താൽക്കാലികമായി ആ വിമർശനങ്ങളുടെ വായടപ്പിച്ചു. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. പാർട്ടിയെ തകർക്കാനായി ഐ-പാക്കിന് ചുവപ്പു പരവതാനി വിരിച്ചു നൽകുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ച തൃണമൂൽ എംപി കകോലി ഘോഷ് ദസ്തിദാറും തന്റെ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അതുവരെ മൗനം പാലിച്ചിരുന്ന വലിയൊരു വിഭാഗം നേതാക്കളാണ് ഇപ്പോൾ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. യുവ ഡോക്ടറുടെ കൊലപാതക കേസിന് പുറമെ, മുതിർന്ന നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും നേതാക്കളുടെ മോശം പെരുമാറ്റവുമെല്ലാം തൃണമൂൽ കോൺഗ്രസിനെ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.