02/06/2026
[fontresizer_tawhidurrahmandear_widget]

സ്വയം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നു, ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ

 സ്വയം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നു, ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ പൂർണ്ണമായും തകർത്തുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വിശ്വഗുരു’ എന്ന് സ്വയം അവകാശപ്പെടുന്ന ഭരണകൂടത്തിന് രാജ്യത്ത് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കെല്പില്ലെന്ന് അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലേക്കുള്ള സിയുഇടി – യുജി (CUET-UG 2026) പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ രീതിയിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ കടുത്ത പ്രതികരണം. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) തന്നെയാണ് പരീക്ഷാ തടസ്സത്തിന് കാരണമായ സാങ്കേതിക പിഴവുകൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

“നീറ്റ്, സിബിഎസ്ഇ, എസ്എസ്‌സി, ഇപ്പോൾ ഇതാ സിയുഇടി. നാല് പരീക്ഷകൾ, ഒരു കോടിയോളം വരുന്ന വിദ്യാർത്ഥികൾ. ഇതിൽ ഒന്നുപോലും തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ച ഹിന്ദിയിലുള്ള കുറിപ്പിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. “സ്വയം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നു, പക്ഷേ ഒരു പരീക്ഷ പോലും നേരെ ചൊവ്വേ നടത്താൻ അറിയില്ല. മോദിജി രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും തകിടം മറിച്ചിരിക്കുകയാണ്. നിങ്ങൾ ആരുടെ ഭാവിയിലാണോ കരിനിഴൽ വീഴ്ത്തിയത്, അതേ യുവതലമുറ തന്നെ നാളെ നിങ്ങളോട് കണക്ക് ചോദിക്കും,” രാഹുൽ മുന്നറിയിപ്പ് നൽകി.

സിബിഎസ്ഇ പരീക്ഷകളിലുണ്ടായ ഗുരുതര വീഴ്ചകളിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെയും, ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടിയെടുക്കാത്തതിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. മോദിക്ക് സ്വന്തം അധികാരത്തിന്റെ നിലനിൽപ്പിൽ മാത്രമാണ് ശ്രദ്ധയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പ്രതിസന്ധിയിലായ നീറ്റ് പരീക്ഷാർത്ഥികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ പരീക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പങ്കുവെച്ച കടുത്ത ആശങ്കകളുടെ വീഡിയോ ദൃശ്യങ്ങളും ഇതോടൊപ്പം അദ്ദേഹം വീണ്ടും പങ്കുവെച്ചു.

Also read: