വീൽചെയറിൽ മൃതദേഹം, കെട്ടിപ്പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികൾ; ഡൽഹിയിലെ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ
ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ തീപിടിത്തമുണ്ടായി നിരവധി പേർ മരിച്ച ഹോട്ടലിൽ നിന്നുള്ള ഹൃദയം തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മരണവെപ്രാളത്തിനിടയിൽ അനുഭവിച്ച നിസ്സഹായവസ്ഥയുടെ നേർക്കാഴ്ചകളാണ് രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിലെ ഒരു മുറിയിൽ പരസ്പരം കെട്ടിപ്പിടിച്ച നിലയിലുള്ള ദമ്പതികളുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഹോട്ടലിലെ ഡിജിറ്റൽ ഡോർ ലോക്കുകൾ പ്രവർത്തനരഹിതമായതോടെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പുക നിറഞ്ഞ മുറിക്കുള്ളിൽ മരണം ഉറപ്പായതോടെ അവർ പരസ്പരം നൽകിയ അവസാന ആലിംഗമായിരുന്നു അത്.
പൂർണമായി കത്തിയെരിഞ്ഞ മറ്റൊരു മുറിക്കുള്ളിൽ നിന്ന് രക്ഷാ പ്രവർത്തകർ കണ്ട ചിത്രം വീൽചെയറിൽ കത്തിയെരിഞ്ഞ വൃദ്ധന്റെ മൃതദേഹമാണ്. സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം. തീ പടർന്നുപിടിച്ചപ്പോൾ എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ വീൽചെയറിലിരുന്ന് പുക ശ്വസിച്ചാണ് അദ്ദേഹം മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡൽഹിയിലെ പ്രമുഖ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയ രോഗികളുടെ ബന്ധുക്കളായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ റെസ്‌റ്റോറന്റിൽ നിന്ന് അതിവേഗം പടർന്ന തീയിലും പുകയിലും പെട്ട്, ഇടുങ്ങിയ ഗോവണികളിലൂടെ പുറത്തുകടക്കാനാകാതെയാണ് പലരും മരണത്തിന് കീഴടങ്ങിയത്. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മുകൾ നിലകളിൽ നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ഈ അപകടമുണ്ടായത്. സംഭവത്തിൽ ഇതുവരെ വിദേശികളടക്കം 21 പേർ മരിച്ചു. ഫയർഫോഴ്‌സിന്റെ എട്ട് യൂണിറ്റുകൾ കഠിനമായി പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാൽപ്പതിലധികം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെറും ആറ് മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രം അനുമതിയുള്ള ഈ കെട്ടിടത്തിൽ നിയമവിരുദ്ധമായി 25 മുറികളാണ് ഒരുക്കിയിരുന്നത്. അപകടസമയത്ത് ഇവിടെ നാൽപതോളം ആളുകൾ താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന് ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ അനുമതികളും ഉണ്ടായിരുന്നില്ല. ആളുകൾക്ക് അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, കെട്ടിടത്തിലെ ഡിജിറ്റൽ ഡോർ ലോക്കുകൾ പ്രവർത്തനരഹിതമായത് ഉള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ തടസ്സമായി മാറി.
സംഭവത്തിൽ ഹോട്ടൽ ഉടമ ലവ്‌കേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മാനേജർക്കായി തിരച്ചിൽ തുടരുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടങ്ങൾക്കെതിരെയും ഹോംസ്‌റ്റേകൾക്കെതിരെയും കർശന നടപടിയെടുക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.