10/06/2026
[fontresizer_tawhidurrahmandear_widget]

‘രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും’; അഭിജിത് ദീപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി പോലീസ്

 ‘രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും’; അഭിജിത് ദീപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ: സിജെപി കൂട്ടായ്മ സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്. കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നീറ്റ്, സിബിഎസ്ഇ, സിയുഇടി, എസ്എസ്‌സി പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ അഭിജിത് പങ്കെടുത്തിരുന്നു. ഇതിന് ശേഷം മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിലെ എംഐഡിസി വാലൂജിലുള്ള തന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 11ൽ നിന്ന് 15ലേക്ക് ഉയർത്തിയത്. പ്രദേശത്തെ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സിറ്റി പോലീസ് ആസ്ഥാനത്ത് നിന്നുള്ള സേനാംഗങ്ങളും അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് സുരക്ഷയ്ക്കായി ഇവിടെ വിന്യസിച്ചിരിക്കുന്നത്.

വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അഭിജീത് ദിപ്‌കെ, ഡൽഹിയിൽ സിജെപിയുടെ ബാനറിൽ നടത്തിയ പ്രതിഷേധം വൻ വിജയമായിരുന്നെന്നും ആറായിരം മുതൽ ഏഴായിരം വരെ ആളുകൾ അതിൽ പങ്കെടുത്തെന്നും അവകാശപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെ തങ്ങളുടെ സമരം അവസാനിക്കില്ലെന്നും ഈ പോരാട്ടം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതിനായുള്ള അടുത്ത കർമ്മപരിപാടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ ധർമ്മേന്ദ്ര പ്രധാനെ മാറ്റാനോ അല്ലെങ്കിൽ അദ്ദേഹം സ്വയം രാജിവെക്കാനോ തയ്യാറാകാൻ ഒരു ആഴ്ചത്തെ സമയം നൽകുമെന്നും, അല്ലാത്തപക്ഷം രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നുമാണ് സിജെപി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ പ്രത്യേക അനുമതിയോടെ ബി.ആർ. അംബേദ്കറുടെ ആത്മകഥ കൈയിലേന്തിയാണ് ദിപ്‌കെ പ്രതിഷേധത്തിൽ പങ്കെടുത്തത്.

കയ്യിൽ പൂക്കളും കോക്രോച്ച് മാസ്‌കുകളും ധരിച്ച് പ്രതിഷേധിച്ച ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ഭരണകക്ഷി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം നിർത്തണമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ മാത്രം വലിയ തോതിൽ പിന്തുണയുള്ള ഈ ഓൺലൈൻ കൂട്ടായ്മയുടെ പ്രതിഷേധത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ആനി രാജ എന്നിവരും വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളും പിന്തുണയുമായി പങ്കെടുത്തിരുന്നു.

Also read: