‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ തിരക്കുകൂട്ടുന്നു, ഇത് മാധ്യമപ്രവർത്തനമല്ല’: സുപ്രിയ മേനോൻ
കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്‌കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്‌കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
“വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു. കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായിത്തീർന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവർത്തനമല്ല, പ്രദർശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്.” – സുപ്രിയയുടെ വാക്കുകൾ.
ചന്തുവിന്റെ പ്രതികരണത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ ഉയർന്നത്. മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത പ്രകോപനവും വിമർശനവുമുയർന്നു.