ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയും മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസറും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുമായ മുരാരി ബാബു (64) അന്തരിച്ചു. അസുഖബാധിതനായി മൂന്ന് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളിയിലെയും സ്വർണം കവർന്ന കേസിൽ കഴിഞ്ഞ ഒക്ടോബർ 21-നാണ് ഇയാൾ പിടിയിലാകുന്നത്. സ്വർണക്കൊളളയിൽ അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ഉദ്യോഗസ്‌ഥനാണ് മുരാരി ബാബു. സ്വർണപാളിയെ ചെമ്പാക്കി മാറ്റി ആദ്യമായി വ്യാജരേഖയുണ്ടാക്കിയതും ഇയാളായിരുന്നു.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി അവസാനത്തോടെ കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.