‘യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തി’; വെളിപ്പെടുത്തലുമായി എ. പത്മകുമാർ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശന ദിവസം തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഒരു ഉന്നത വ്യക്തി ആവശ്യപ്പെട്ടെന്നും, എന്നാൽ അവിടെ എത്തിയപ്പോൾ കാണാൻ അനുമതി നൽകിയില്ലെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും ഇതിന് പിന്നിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നും പത്മകുമാർ ആരോപിക്കുന്നു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടും അദ്ദേഹം വെളിപ്പെടുത്തൽ നടത്തി. ദേവസ്വം രേഖകളിൽ ‘ചെമ്പ്’ എന്ന് എഴുതിയത് മറ്റാരോ ആണെന്നും, അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നുമാണ് പത്മകുമാറിൻ്റെ വാദം. യുവതീപ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാൻ സിപിഐഎം ജില്ലാ കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് ഈ വെളിപ്പെടുത്തൽ. പാർട്ടി നടപടി ഒഴിവാക്കാനുള്ള പത്മകുമാറിൻ്റെ തന്ത്രമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.