‘വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിയാണ്’; യുകെയിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു,ആശങ്കയിൽ കുടിയേറ്റക്കാർ
ലണ്ടൻ: യുകെയിലെ വെസ്റ്റ് സൗത്ത്ഹാളിൽ ഇന്ത്യൻ വംശജനായ യുവാവ് കുത്തേറ്റ് മരിച്ചതോടെ കടുത്ത ആശങ്കയിലും ഭീതിയിലുമായിരിക്കുകയാണ് കുടിയേറ്റ സമൂഹം. പ്രദേശത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും മറ്റും വർധിച്ചുവരുന്നതിനിടെയാണ് ഈ സംഭവം. ‘വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പേടിയാണ്’ എന്നാണ് നിലവിലെ സാഹചര്യത്തെക്കുറിച്ച് പല കുടിയേറ്റക്കാരും സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസമാണ് നോർത്ത് റോഡിലെ ഒരു കടയ്ക്ക് മുന്നിൽ വെച്ച് പഞ്ചാബ് സ്വദേശിയായ ഗുർഭേജ് സിങ് (26) എന്ന യുവാവിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ പോലീസ് സംഘം പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ യുവാവിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
യുകെയിൽ കുടിയേറ്റവും പൊതുജനസുരക്ഷയും വലിയ രീതിയിൽ രാഷ്ട്രീയസാമൂഹിക ചർച്ചയായിരിക്കുന്ന സമയത്താണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ഒരു സുഡാൻ പൗരൻ ഉൾപ്പെട്ട കത്തിക്കുത്ത് കേസിനെ തുടർന്ന് വലിയ രീതിയിലുള്ള കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഈ പ്രതിഷേധങ്ങൾ പിന്നീട് വംശീയ അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പ്രതിഷേധക്കാർ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഗുർഭേജ് സിങ്ങിന്റെ കൊലപാതകം കൂടിയുണ്ടാകുന്നത്. ഇതോടെ തങ്ങളുടെ സുരക്ഷയെ ഓർത്ത് വലിയ ഭയത്തിലാണ് പ്രദേശത്തെ പ്രവാസികളും അഭയാർത്ഥികളും. അക്രമികളുടെ ഭയന്ന് പല കുടുംബങ്ങളും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടുന്നില്ല. ഭയന്നു കഴിയുന്ന കുടുംബങ്ങളെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന സാഹചര്യവുമുണ്ട്.