17/06/2026
[fontresizer_tawhidurrahmandear_widget]

ബ്രാഹ്മൺ ഗല്ലിയിൽ ബുർഖ ധരിച്ച് ഇറച്ചി മാലിന്യം തള്ളിയ യുവതി അറസ്റ്റിൽ; പിടിയിലായത് മഹാരാഷ്ട്ര സ്വദേശി സ്വാതി വിക്രം

 ബ്രാഹ്മൺ ഗല്ലിയിൽ ബുർഖ ധരിച്ച് ഇറച്ചി മാലിന്യം തള്ളിയ യുവതി അറസ്റ്റിൽ; പിടിയിലായത് മഹാരാഷ്ട്ര സ്വദേശി സ്വാതി വിക്രം

മുംബൈ: ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ജനവാസ മേഖലയിൽ ഇറച്ചി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയ സംഘർഷത്തിൽ നാടകീയ വഴിത്തിരിവ്. ഹൈന്ദവ ബ്രാഹ്മണ വിഭാഗം ഭൂരിപക്ഷമുള്ള പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ ബുർഖ ധരിച്ചെത്തി ഇറച്ചി തള്ളിയ സ്ത്രീ മുസ്ലിം വിഭാഗത്തിൽപ്പെട്ടയാളല്ലെന്നും, സ്വാതി വിക്രം ഭോസലെ എന്ന ഹിന്ദു സ്ത്രീയാണെന്നും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി വ്യാജപ്രചാരണങ്ങളും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടന്ന പശ്ചാത്തലത്തിൽ, രണ്ടാഴ്ചയോളം നീണ്ട അതീവ സൂക്ഷ്മമായ അന്വേഷണത്തിനൊടുവിലാണ് കോട്വാലി പോലീസ് യഥാർത്ഥ പ്രതിയെ വലയിലാക്കിയതെന്ന് ‘ടൈംസ് ഓഫ് മഹാരാഷ്ട്ര’ റിപ്പോർട്ട് ചെയ്തു.

മെയ് അവസാന വാരത്തിൽ പെരുന്നാൾ ദിനത്തിലാണ് സംഭവം നടന്നത്. അഹമ്മദ്നഗറിലെ മാലിവാഡ പ്രദേശത്തുള്ള ബ്രാഹ്മൺ ഗല്ലിയിലാണ് ആടിന്റെ ഇറച്ചിയുടെയും ശ്വാസകോശത്തിന്റെയും അവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവർ കണ്ടെത്തിയത്. ഹിന്ദു സമൂഹം താമസിക്കുന്ന മേഖലയിൽ, ബക്രീദ് ദിനത്തിൽ തന്നെ ഇറച്ചി അവശിഷ്ടങ്ങൾ കണ്ടെത്തിയത് മനഃപൂർവമുള്ള വർഗീയ പ്രകോപനമാണെന്ന് ആരോപിച്ച് പ്രാദേശിക ഹൈന്ദവ സംഘടനകൾ രംഗത്തെത്തി.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബുർഖ ധരിച്ച ഒരു സ്ത്രീ കൈയിലെ ബാഗിൽനിന്ന് ഇറച്ചി മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളുന്നതായി വ്യക്തമായി. ബുർഖ ധരിച്ച രൂപം കണ്ടതോടെ മുസ്ലിം സമുദായത്തിൽപ്പെട്ടവർ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ചെയ്തതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും സന്ദേശങ്ങളും കാട്ടുതീ പോലെ പടർന്നു. ഇത് പ്രദേശത്ത് കനത്ത വർഗീയ സംഘർഷാവസ്ഥയ്ക്ക് കാരണമായി.

150 സിസിടിവികൾ; രണ്ടാഴ്ചത്തെ അന്വേഷണം

സ്ഥിതിഗതികൾ വഷളാകുന്നത് തടയാൻ കോട്വാലി പോലീസിലെ ക്രൈം ഡിറ്റക്ഷൻ വിഭാഗം അടിയന്തരമായി രംഗത്തിറങ്ങി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റമ്പതോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പോലീസ് സംഘം വിശദമായി പരിശോധിച്ചത്. ബുർഖയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആദ്യ ഘട്ടത്തിൽ പോലീസ്.

തുടർന്ന് സാങ്കേതിക വിശകലനങ്ങളിലൂടെയും റൂട്ട് മാപ്പുകൾ തയ്യാറാക്കിയും നടത്തിയ അന്വേഷണത്തിലാണ് അഹമ്മദ്നഗർ താലൂക്കിലെ കമർഗാവ് സ്വദേശിയായ സ്വാതി വിക്രം ഭോസലെ (39) എന്ന സ്ത്രീയിലേക്ക് പോലീസ് എത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ ചുരുളഴിയുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അഹമ്മദ്നഗർ പോലീസ് നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. സംഭവത്തെ കുറിച്ച് പോലീസിൻരെ വിശദീകരണം ഇങ്ങനെയാണ്:

”2026 മെയ് 28-ന് ബക്രീദ് ദിനത്തിൽ രാത്രി ഒൻപതരയോടെയാണ് ബ്രാഹ്മൺ ഗല്ലിയിൽ അജ്ഞാതർ മാംസാവശിഷ്ടങ്ങൾ തള്ളിയതായി ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിബി വിഭാഗത്തിന്റെ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. തുടക്കത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒരു ബുർഖധാരിയാണ് മാംസം തള്ളുന്നതെന്ന് കണ്ടിരുന്നു.

150-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയായ സ്വാതി വിക്രം ഭോസലെഎന്ന സ്ത്രീയെ ഞങ്ങൾ കണ്ടെത്തിയത്. ഭിക്ഷാടനം നടത്തിയാണ് ഇവർ മൂന്ന് മക്കളെ വളർത്തുന്നത്. ബക്രീദ് ദിനത്തിൽ മാംസം ധർമമായി ലഭിക്കാനാണ് ഇവർ മുസ്ലിം മേഖലകളിൽ ബുർഖ ധരിച്ച് പോയത്. എന്നാൽ ലഭിച്ച മാംസം പിന്നീട് വേണ്ടെന്ന് തോന്നിയപ്പോൾ ബ്രാഹ്മണ തെരുവിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവദിവസം ഇവർ ധരിച്ച വസ്ത്രങ്ങളടക്കമുള്ള തെളിവുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.’

തീരാത്ത സംശയങ്ങൾ: വലിയ ഗൂഢാലോചനയോ?

പോലീസിന്റെ വിശദീകരണം ഇങ്ങനെയാണെങ്കിലും, സ്വാതി ഭോസലെയുടെ മൊഴികളിലെ വൈരുദ്ധ്യം വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ഭിക്ഷാടനത്തിനായ് മാത്രം എന്തിനാണ് ഒരു ഹിന്ദു സ്ത്രീ ബുർഖ ധരിക്കേണ്ടി വന്നത്, ഇറച്ചി ഉപേക്ഷിക്കണമെന്നുണ്ടായിരുന്നെങ്കിൽ അത് ലഭിച്ച മുസ്ലിം മേഖലകളിൽ തന്നെ ഉപേക്ഷിക്കാതെ, കിലോമീറ്ററുകൾ നടന്ന് കൃത്യമായി ഹിന്ദുക്കൾ മാത്രം താമസിക്കുന്ന ബ്രാഹ്മണ തെരുവ് തിരഞ്ഞെടുത്തത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണു വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ചോദിക്കുന്നത്.

ഉദ്ദവ് താക്കറെ പക്ഷ ശിവസേന നേതാവ് കിരൺ കാലെ ഈ ചോദ്യങ്ങൾ ഉന്നയിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ‘ഭിക്ഷാടനം നടത്താൻ ബുർഖ ധരിക്കേണ്ട കാര്യമെന്താണ്? ബക്രീദ് ദിനത്തിൽ ആരെങ്കിലും സാധാരണ രീതിയിൽ ഭിക്ഷയായി ഇറച്ചി നൽകാറുണ്ടോ? ഇനി ഇറച്ചി വേണ്ടെന്നുണ്ടെങ്കിൽ അത് വാങ്ങിയ ഉടൻ തിരിച്ചുനൽകുകയോ മറ്റെവിടെയെങ്കിലും കളയുകയോ ചെയ്യാമായിരുന്നില്ലേ? ഇതിനെല്ലാം പുറമെ എന്തിനാണ് അത് കൃത്യമായി ബ്രാഹ്മൺ ഗല്ലിയിൽ കൊണ്ടുപോയി തള്ളിയത്?’-കിരൺ കാലെ ചോദിച്ചു.

ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം വളർത്താനും കലാപമുണ്ടാക്കാനും ആസൂത്രണം ചെയ്ത വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ബാഹ്യശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം തുടരുന്നു

സ്വാതി വിക്രം ഭോസലെ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ, സമീപകാലത്ത് ഇവർ സന്ദർശിച്ച വ്യക്തികൾ എന്നിവരെക്കുറിച്ചെല്ലാം പോലീസ് വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലാഭത്തിനായി ഏതെങ്കിലും മൂന്നാം കക്ഷികൾ ഇവരെ പണം നൽകി കരുവാക്കിയതാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

സമാധാനം നിലനിർത്താൻ പ്രദേശത്തെ ഹിന്ദു-മുസ്ലിം നേതാക്കളെ ഉൾപ്പെടുത്തി സമാധാന കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. എങ്കിലും, കേവലം ഒരു ഭിക്ഷാടകയുടെ അറിവില്ലായ്മ മാത്രമാണോ അതോ ആസൂത്രിത വർഗീയ അജണ്ടയുടെ ഭാഗമാണോ ഈ സംഭവമെന്നത് വരും ദിവസങ്ങളിലെ പൂർണമായ പോലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലേ വ്യക്തമാകൂ.

Also read: