17/06/2026
[fontresizer_tawhidurrahmandear_widget]

ഓരോ എംപിക്കും ഓഫർ 50 കോടി, 15 കോടി അഡ്വാൻസ്; ഉദ്ദവ് സേനയെ പിളർത്താൻ ‘ഓപറേഷൻ ടൈഗർ’?

 ഓരോ എംപിക്കും ഓഫർ 50 കോടി, 15 കോടി അഡ്വാൻസ്; ഉദ്ദവ് സേനയെ പിളർത്താൻ ‘ഓപറേഷൻ ടൈഗർ’?

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ചു വീണ്ടും വൻ കുതിരക്കച്ചവട നീക്കമെന്ന് റിപ്പോർട്ട്. ശിവസേന ഉദ്ദവ് പക്ഷത്തെ ലക്ഷ്യമിട്ടാണു വമ്പൻ നീക്കം നടക്കുന്നത്. തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും കോടികൾ എറിഞ്ഞ് കൂടെക്കൂട്ടാൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന കരുനീക്കം നടത്തുന്നതായി ആരോപണവുമായി ഉദ്ദവ് സേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.

‘ഓപറേഷൻ ടൈഗർ’ എന്ന പേരിലാണ് വൻ കൂടുമാറ്റത്തിനുള്ള രഹസ്യ നീക്കം നടക്കുന്നതെന്നാണ് ആരോപണം. പാർട്ടി മാറാൻ ഓരോ എം.പിമാർക്കും 50 കോടി രൂപ വീതമാണ് ഭരണപക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റാവത്ത് ആരോപിക്കുന്നു. ആദ്യഗഡുവായി 15 കോടി രൂപ ഇന്ന് രാത്രിയോടെ അഡ്വാൻസായി നൽകുമെന്നും സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുകൊണ്ട് എക്‌സ് പ്ലാറ്റ്ഫോമിലാണ് സഞ്ജയ് റാവത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

‘അപ്നാ സപ്നാ മണി മണി (പണം മാത്രമാണ് സ്വപ്നം)… മഹാരാഷ്ട്രയിലെ എം.പിമാർക്ക് ഇന്ന് രാത്രി 15 കോടി രൂപ വീതം അഡ്വാൻസ് ലഭിക്കുമെന്ന വിവരം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്.’ -സഞ്ജയ് റാവത്ത് കുറിച്ചു.

ഉദ്ദവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’യിൽ വിളിച്ചുചേർത്ത എം.പിമാരുടെ അടിയന്തര യോഗത്തിൽ ഒൻപത് പേരിൽ നാലുപേർ മാത്രമാണ് പങ്കെടുത്തതെന്ന വാർത്തകൾ പരന്നതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ, തങ്ങളുടെ ഒൻപത് ലോക്സഭാ എം.പിമാരും പാർട്ടിയിൽ തന്നെയുണ്ടെന്നും ആരും ചോർന്നുപോയിട്ടില്ലെന്നും ഉദ്ദവ് പക്ഷം പിന്നീട് വ്യക്തമാക്കി.

നേരത്തെ, മഹാരാഷ്ട്രയിലെ ഭരണമാറ്റ സമയത്ത് ഉയർന്നുകേട്ട ’50 കോക്കെ’ (50 കോടി) എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് ഉദ്ദവ് പക്ഷ നേതാക്കൾ ആരോപിച്ചു. ലോക്‌സഭാ അംഗങ്ങളെ ചാക്കിട്ടുപിടിക്കാൻ 50 കോടിയുടെ ഓഫറാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ റീലുകളും വീഡിയോകളും ചെയ്ത ചില ഡിജിറ്റൽ ക്രിയേറ്റർമാർക്കെതിരെയും സ്റ്റാൻഡ്-അപ്പ് കൊമേഡിയന്മാർക്കെതിരെയും മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ഭരണകക്ഷി നേതാക്കളുടെ പരാതിയിലാണു നടപടി.

അതേസമയം, ഉദ്ദവ് പക്ഷത്തുനിന്നുള്ള വൻ ചോർച്ച ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് ഷിൻഡെ വിഭാഗത്തിൽനിന്ന് ഉണ്ടാകുന്നത്. കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.സി കൃപാൽ തുമനെ പരസ്യമായി പ്രതികരിച്ചു.

‘ഉദ്ദവ് പക്ഷത്തെ ഏഴ് എം.പിമാരും 16 എം.എൽ.എമാരും നിലവിൽ ഞങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് തന്നെ ഇവരുടെ പാർട്ടി മാറ്റം പൂർത്തിയാകും,’ കൃപാൽ തുമനെ അവകാശപ്പെട്ടു. ശിവസേനയുടെ വാതിലുകൾ 24 മണിക്കൂറും തുറന്നുകിടക്കുകയാണെന്നും ആർക്കും കടന്നുവരാമെന്നും മന്ത്രി പ്രതാപ് സർനായികും വ്യക്തമാക്കി.

ജൂൺ 19-ന് ശിവസേനയുടെ 60-ാം സ്ഥാപക ദിനം ആഘോഷിക്കാനിരിക്കെയാണ് മഹാരാഷ്ട്രയെ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിലേക്കും കോടികളുടെ അഴിമതി ആരോപണങ്ങളിലേക്കും നയിക്കുന്ന ‘ഓപറേഷൻ ടൈഗർ’ ചർച്ചയാകുന്നത്. ജൂൺ 22-ന് ഉദ്ദവ് താക്കറെ ജനപ്രതിനിധികളുടെ നിർണായക യോഗം വിളിച്ചിട്ടുണ്ട്.

Also read: