18/06/2026
[fontresizer_tawhidurrahmandear_widget]

‘It’s Signed’; യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു, ഹോർമുസ് തുറന്നു

 ‘It’s Signed’; യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു, ഹോർമുസ് തുറന്നു

വാഷിങ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് അന്ത്യം കുറിച്ച് നിർണായക യുഎസ്-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ വന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പുവെച്ചതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വേഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവെച്ചത്. അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ കരാറിൽ ധാരണയായതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകും.

കരാർ ഒപ്പുവെച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’യും യുഎസ് മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത 60 ദിവസത്തിനുള്ളിൽ കരാറിന്റെ അന്തിമ വ്യവസ്ഥകളിൽ ഇരുരാജ്യങ്ങളും ചർച്ച പൂർത്തിയാക്കും. ഇറാന്റെ പുനരുദ്ധാരണത്തിനായി 30,000 കോടി ഡോളറിന്റെ ഫണ്ട് അനുവദിക്കുമെന്നും ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്നും കരാറിലുണ്ട്. പകരം ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎ മേൽനോട്ടത്തിൽ മാറ്റുമെന്നും വ്യവസ്ഥ ചെയ്യുന്നു.

ഇറാനുമേലുള്ള നാവിക വിലക്ക് 30 ദിവസത്തിനകം യുഎസ് അവസാനിപ്പിക്കും. ഹോർമുസ് കടലിടുക്കിൽ അടുത്ത 60 ദിവസത്തേക്ക് ടോൾ ഉണ്ടായിരിക്കില്ല. തുടർന്ന് ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തി ഹോർമുസ് നടത്തിപ്പിൽ വിശാലമായ കരാറിലെത്താൻ ഇറാന് സാധിക്കും. കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. അതേസമയം, വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാറ്റമില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also read: