‘ആളുകൾ മുട്ട എറിയുന്നുണ്ടെങ്കിൽ അത് ജനാധിപത്യം, തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വിധിയാണത്’; ബിജെപി നേതാവ് അഗ്നിമിത്ര പോൾ
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന മുട്ടയേറുകളെ പരിഹസിച്ച് ബി.ജെ.പി നേതാവ് അഗ്നിമിത്ര പോൾ. നേതാക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധമാണ്. ജനങ്ങൾ നടപ്പിലാക്കുന്ന ‘മുട്ടാധിപത്യം’ആണ് ഇപ്പോൾ നടക്കുന്നതെന്നും അഗ്നിമിത്ര പോൾ വിശേഷിപ്പിച്ചു. ഹൂഗ്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ആരും നിയമം കയ്യിലെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ബംഗാളിലെ ജനങ്ങൾ അഴിമതി കാരണം അത്രയധികം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വർഷങ്ങളായുള്ള മമത ബാനർജി സർക്കാരിന്റെ അടിച്ചമർത്തലിനും അവഗണനയ്ക്കുമുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്നും അവർ അസൻസോളിൽ വെച്ചും ആവർത്തിച്ചു.
മമത ബാനർജിയുടെ കൽക്കട്ടയിലുള്ള കാളിഘട്ടിലെ വസതിക്ക് മുന്നിൽ വെച്ച് മുതിർന്ന ടിഎംസി നേതാവും എംഎൽഎയുമായ കുനാൽ ഘോഷിന് നേരെ കഴിഞ്ഞ ദിവസം മുട്ടയേറുണ്ടായതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ഒരു യുവാവ് എറിഞ്ഞ മുട്ട കുനാൽ ഘോഷിന്റെ തലയിൽ പതിക്കുകയായിരുന്നു. സെഡ് കാറ്റഗറി സുരക്ഷയുള്ള വീടിന് മുന്നിൽ വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൻ എന്ന യുവാവ് ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടിഎംസി ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണിതെന്നാണ് പിടിയിലായ യുവാവ് പറഞ്ഞത്.
മറ്റൊരു കേസിൽ അറസ്റ്റിലായ ടിഎംസി യുവജന നേതാവ് സൗമിത്ര ബാനർജിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും ജനങ്ങൾ മുട്ടയെറിയുകയും ‘കള്ളൻ’ എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കൂടാതെ, അരിയാദഹയിൽ വെച്ച് മുതിർന്ന ടിഎംസി എംഎൽഎ മദൻ മിത്രയുടെ വാഹനത്തിന് നേരെയും അഴിമതി ആരോപണങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മുട്ടയെറിഞ്ഞിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ബിജെപി പിന്തുണയുള്ള സാമൂഹ്യവിരുദ്ധരാണെന്നാണ് ടിഎംസി നേതാക്കൾ ആരോപിക്കുന്നത്.