‘പത്തു പൈസ നൽകാതെയാണ് 12 വർഷം സർക്കാർ ഭൂമി കൈവശംവച്ചത്; കടുത്ത നടപടിയുണ്ടാകും’-യൂസുഫ് പത്താനെതിരെ വീണ്ടും ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: വഡോദരയിലെ സർക്കാർഭൂമി കൈയേറ്റക്കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസുഫ് പത്താന് വീണ്ടും ഗുജറാത്ത് ഹൈക്കോടതിയുടെ താക്കീത്. ഔദ്യോഗിക ഉത്തരവുകളൊന്നുമില്ലാതെ വഡോദര കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി കൈവശംവച്ചതിന് വൻ തുക പിഴ നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, രേഖകൾ ഹാജരാക്കാൻ പത്താന് കോടതി സമയം നീട്ടിനൽകി.
അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നയം സംബന്ധിച്ച രേഖ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ പത്താന്റെ അഭിഭാഷകൻ കൂടുതൽ സമയം തേടിയിരുന്നു. ഇതേ തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ഡി.എൻ റേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിലപാട് കടുപ്പിച്ചത്. കേസ് പഠിക്കുന്നതിനായി കോടതി പത്താന് നാല് ആഴ്ചത്തെ സമയം അനുവദിച്ചെങ്കിലും, കേസ് നീട്ടിക്കൊണ്ടുപോകുന്ന ഓരോ ദിവസവും പിഴത്തുക വർധിക്കുമെന്നും അത് സാധാരണ പിഴയായിരിക്കില്ലെന്നും കോടതി ഓർമിപ്പിച്ചു.
”എത്രത്തോളം സമയം നീട്ടിയെടുക്കുന്നുവോ, അത്രയും വലിയ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നത് ഓർമയിൽ വേണം. സമയം അനുവദിക്കുന്നതിൽ കോടതിക്ക് ബുദ്ധിമുട്ടില്ല. കാരണം 2014 മുതൽ 2026 വരെ (12 വർഷം) ഒരു പൈസ പോലും നൽകാതെയാണ് താങ്കൾ ആ പൊതുഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതിനകം തന്നെ ഒരു സിംഗിൾ ബെഞ്ച് കോടതി താങ്കളെ കൈയേറ്റക്കാരനെന്ന് വിധിച്ച് കഴിഞ്ഞതാണ്.”- ഡിവിഷൻ ബെഞ്ചിൽ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് താരങ്ങൾക്കുള്ള സർക്കാർ നയം പ്രകാരം ഒടുവിൽ ഈ ഭൂമി പത്താന് തന്നെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചാൽ പോലും, കഴിഞ്ഞ 12 വർഷം നിയമവിരുദ്ധമായി സ്ഥലം കൈവശംവച്ചതിനുള്ള കടുത്ത പിഴയിൽനിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പ്രസ്താവിച്ചു. പൊതുഭൂമി ദുരുപയോഗം ചെയ്തതിനാൽ ഈ തുക ഇന്നത്തെ വിപണി മൂല്യം അനുസരിച്ചായിരിക്കും ഈടാക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
വഡോദരയിലെ തണ്ഡൽജ പ്രദേശത്ത് യൂസുഫ് പത്താന്റെയും സഹോദരൻ ഇർഫാൻ പത്താന്റെയും കുടുംബവീടിനോട് ചേർന്നുകിടക്കുന്ന 978 ചതുരശ്ര മീറ്റർ വരുന്ന വഡോദര മുനിസിപ്പൽ കോർപറേഷന്റെ റെസിഡൻഷ്യൽ പ്ലോട്ടാണ് വിവാദത്തിലായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടങ്ങൾ പരിഗണിച്ച് ഈ സ്ഥലം വിപണി വിലയ്ക്ക് തനിക്ക് 99 വർഷത്തെ ലേസ വ്യവസ്ഥയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2012-ൽ പത്താൻ കോർപറേഷനെ സമീപിച്ചിരുന്നു. കോർപറേഷൻ ഇതിനായി പ്രമേയം പാസാക്കി നഗരവികസന മന്ത്രാലയത്തിന് അയച്ചെങ്കിലും 2014 ജൂണിൽ ഗുജറാത്ത് സർക്കാർ ഈ അപേക്ഷ പൂർണമായി തള്ളി.
അപേക്ഷ തള്ളിയിട്ടും പത്താൻ ആ സ്ഥലം വിട്ടുകൊടുക്കാതെ ചുറ്റുമതിൽ കെട്ടി കൈവശം വെക്കുകയായിരുന്നുവെന്നാണ് ആരോപണം. 2024 ജൂണിൽ പശ്ചിമ ബംഗാളിലെ ബഹറാംപൂരിൽ നിന്ന് തൃണമൂൽ ടിക്കറ്റിൽ പത്താൻ ലോക്സഭയിലേക്ക് ജയിച്ചതിന് തൊട്ടുപിന്നാലെയാണ്, കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയത്.
കോർപറേഷൻ നോട്ടീസിനെതിരെ പത്താൻ നൽകിയ ഹരജി 2025 ഓഗസ്റ്റിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയും പത്താനെ ‘കൈയേറ്റക്കാരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പത്താൻ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് അന്തിമ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൃണമൂലിൽനിന്ന് വലിയൊരു വിഭാഗം എംപിമാർക്കൊപ്പം പത്താൻ ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന രാഷ്ട്രീയ വാർത്തകൾക്കിടയിലാണ് ഗുജറാത്തിൽനിന്നുള്ള ഈ സുപ്രധാന കോടതി വിധി പുറത്തുവരുന്നത്.