കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കർ തന്നെയെന്ന് എസ്ഐടി; സ്വന്തം ഫോണിലാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തൽ
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം. ജിതിൻ തന്റെ സ്വന്തം ഫോണിലാണ് ഈ സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 2018-ൽ കാർഡുകൾ നിർമ്മിക്കാൻ പരിശീലനം നേടിയ ജിതിൻ, 2019 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ ജിതിൻ ഭാസ്കറിനെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. മൂന്ന് വർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന ഐപിസി 153A, 109, 209, 201 എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഈ വ്യാജ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്വേഷണസംഘം പിന്നീട് തീരുമാനമെടുക്കും.
‘വടകര സ്ക്വാഡ്’ എന്ന സൈബർ ഗ്രൂപ്പിൻ്റെ അഡ്മിനായ ജിതിൻ, തൻ്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായിച്ചുകളഞ്ഞതായി ജില്ലാ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. വി.ഡി സതീശൻ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസിൽ പുനരന്വേഷണം നടത്താൻ എസ്ഐടിയെ ചുമതലപ്പെടുത്തിയത്.