21/06/2026
[fontresizer_tawhidurrahmandear_widget]

പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച അടച്ചിട്ടു; ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

 പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച അടച്ചിട്ടു; ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യോഗാ ദിനാചരണത്തിന് മുന്നോടിയായി കൊൽക്കത്തയിലെ പ്രധാന പാതയായ റെഡ് റോഡ് ഏഴു ദിവസത്തേക്ക് അടച്ചിട്ടു. 12-ാത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നതെന്നും, യാത്രക്കാർ ഇതിനനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജൂൺ 14-ന് പുറപ്പെടുവിച്ച ട്രാഫിക് വിജ്ഞാപനത്തിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ അജയ് നന്ദ് വ്യക്തമാക്കി.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി, ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മുസ്ലിം സമുദായത്തിന് റെഡ് റോഡിൽ ഈദ് നമസ്കാരം നിർവഹിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അന്ന് ഈദ് നമസ്കാരം അടുത്തുള്ള ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. ഒരു മതവും നിയമത്തിന് മുകളിലല്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞത്.

എന്നാലിപ്പോൾ യോഗാ ദിനത്തിനായി ഒരാഴ്‌ചത്തേക്ക് ഈ റോഡ് അടച്ചിട്ടത് സർക്കാരിന്റെ വിവേചനവും ഇരട്ടത്താപ്പുമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ടി.എം.സി എം.പി മെഹുവാ മൊയ്ത ഉൾപ്പെടെയുള്ളവർ ഈ നടപടിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വർഷത്തിലൊരിക്കൽ ഒരു മണിക്കൂർ മാത്രം നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് തടസം നിന്നവർ, യോഗാ ദിനത്തിനായി ഒരാഴ്‌ചയോളം റോഡ് അടച്ചിട്ടത് നീതിയല്ലെന്ന് മെഹുവ പറഞ്ഞിരുന്നു.

ജൂൺ 14 മുതൽ അടച്ചിട്ട റോഡ്, യോഗാ ദിന പരിപാടികൾ അവസാനിക്കുന്നത് വരെ നിലവിലെ ഉത്തരവ് പ്രകാരം അടഞ്ഞുതന്നെ കിടക്കും. കൊൽക്കത്ത ട്രാഫിക് പോലീസ് ബദൽ റൂട്ടുകൾ നൽകിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആശങ്ക പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല.

Also read: