22/07/2026
[fontresizer_tawhidurrahmandear_widget]

11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചു വീഴ്ത്തി ഡൽഹി പൊലീസ്

 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചു വീഴ്ത്തി ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബിഹാർ സ്വദേശിയായ ബബ്ലു എന്ന ഫാക്ടറി ഡ്രൈവറാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു നാടകീയമായ രംഗങ്ങൾ. പ്രതിയെ പിടികൂടാൻ ഒടുവിൽ പൊലീസിന് വെടിയുതിർക്കേണ്ടി വന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിക്കാനും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാനും പ്രതി ശ്രമിച്ചുവെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിയെ കീഴ്പ്പെടുത്തുന്നതിനായി പൊലീസ് ഇയാളുടെ കാലിന് വെടിവെച്ചു. തുടർന്ന് പരിക്കേറ്റ പ്രതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്കെതിരെ ജനരോഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വലിയ പൊലീസ് കാവലിലാണ് ഇയാളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത് അപ്രതീക്ഷിതമായിരുന്നു. പ്രതിയെ ചികിത്സയ്ക്ക് ശേഷം തിരികെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.

ബിഹാറിൽ നിന്ന് ഡൽഹിയിൽ ജോലിക്കായി എത്തിയ ഒരു കുടുംബത്തിലെ കുഞ്ഞിനെയാണ് ബബ്ലു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ ഏത് രീതിയിലാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിന് വിശദീകരിച്ചു നൽകി. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കുട്ടിയുടെ മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്.

Also read: