24/07/2026
[fontresizer_tawhidurrahmandear_widget]

കൊട്ടാരക്കര ടിപ്പർ അപകടം: മണ്ണ് മാറ്റിയപ്പോൾ കണ്ടത് മകന്റെ കാൽവിരൽ, രക്തം വാർന്ന മകനുമായി കൈകാണിച്ചിട്ടും ആരും വണ്ടി നിർത്തിയില്ല, ഒടുവിൽ രക്ഷകനായി സുഹൃത്ത്

 കൊട്ടാരക്കര ടിപ്പർ അപകടം: മണ്ണ് മാറ്റിയപ്പോൾ കണ്ടത് മകന്റെ കാൽവിരൽ, രക്തം വാർന്ന മകനുമായി കൈകാണിച്ചിട്ടും ആരും വണ്ടി നിർത്തിയില്ല, ഒടുവിൽ രക്ഷകനായി സുഹൃത്ത്

കൊട്ടാരക്കര: ആ ബസ് സ്‌റ്റോപ്പിൽ മകനുണ്ടായേക്കുമെന്ന് അറിയാമായിരുന്നെങ്കിലും മണ്ണിനുള്ളിൽ അവനുണ്ടെന്ന് ചിന്തിക്കാനുള്ള മനസ്സ് ആ ദുരന്തം കണ്ടപ്പോൾ സനിൽകുമാറിനുണ്ടായിരുന്നില്ല. മണ്ണ് നീക്കാൻ തുടങ്ങിയപ്പോൾ ഒരു കാൽവിരൽ കണ്ടു; അപ്പോഴും അത് സ്വന്തം മകനാണെന്ന് സംശയിക്കാനുള്ള ധൈര്യം ആ അച്ഛനുണ്ടായിരുന്നില്ല. അതിവേഗത്തിൽ മണ്ണ് നീക്കിയപ്പോൾ കണ്ടത് പൊന്നുമകനെയായിരുന്നു. ഒപ്പം തൊട്ടടുത്ത് കണ്ട മറ്റൊരു കുട്ടിയേയും സനിൽകുമാർ രക്ഷിച്ചു.

ഇതിനിടെ മൂക്കിൽനിന്ന് രക്ത‌ം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ വാരിയെടുത്ത് പല വാഹനങ്ങൾക്ക് മുൻപിലും കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ സുഹൃത്തിന്റെ ബൈക്കിൽ നടുവിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കിഴക്കേക്കര സെന്റ് മേരീസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ നവനീതിനെ വൈകിട്ടോടെ ഡിസ്‌ചാർജ് ചെയ്തു.

അമ്പലപ്പുറം കാർത്തികയിൽ പി.സനിൽകുമാർ സ്കൂട്ടറിൽ മകനെ ബസ് സ്‌റ്റോപ്പിലെത്തിച്ചശേഷം അൽപമകലെ നിൽക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിൽ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്. നീലേശ്വരം സ്വദേശി ഹരിലാൽ, പതിനഞ്ചുവയസുകാരനായ പാർഥിപൻ, അജയകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

സ്‌കൂൾ സമയത്ത് ടിപ്പർ ഓട്ടം തടയാത്ത അധികൃതർക്കെതിരെ അപകടത്തിനുപിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നുകേട്ടത്. അതേസമയം, അപകടമുണ്ടാക്കിയ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ രണ്ട് ഉദ്യോഗസ്ഥരെ മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. എംവിഐ സുധിൻ ഗോപി, അസിസ്‌റ്റന്റ് എംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.

Also read: