‘ഉർദുഗാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തുതരും; ഇറാൻ യുദ്ധത്തിൽ നിന്ന് തുർക്കി പിന്മാറിയത് എൻ്റെ അഭ്യർത്ഥന മാനിച്ച്’, ‘പ്രത്യേക സമ്മാനം’ നൽകും; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പിന്മാറിയത് തന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ചേർന്ന് നിൽക്കുന്ന നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയുണ്ടായിരുന്ന ഉർദുഗാൻ, താൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് യുദ്ധത്തിൽ ഇടപെടാതിരുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് വ്യക്തമാക്കി.
തങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഉർദുഗാൻ എപ്പോഴും ചെയ്തുതരാറുണ്ടെന്നും അദ്ദേഹം തന്റെ മികച്ചൊരു സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന അങ്കാറ ഉച്ചകോടിയിൽ താൻ പങ്കെടുക്കുന്നത് തന്നെ ഉർദുഗാനോടുള്ള ബഹുമാനം മുൻനിർത്തിയാണ്. ഇതിനിടെ, തുർക്കിയക്ക് യുദ്ധവിമാനങ്ങളും ജെറ്റ് എൻജിനുകളും നൽകുന്ന കാര്യത്തിൽ അനുകൂലമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തുർക്കിയെ ഏറെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. റഷ്യൻ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം തുർക്കിയ വാങ്ങിയതിനെത്തുടർന്ന് യുഎസ് നിർത്തിവെച്ചിരുന്ന എഫ്-35 ജെറ്റ് വിമാനങ്ങൾ വീണ്ടും നൽകുന്നതിനെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നിയമപരമായ പരിശോധനകൾ നിലവിൽ നടന്നുവരികയാണ്.
അതേസമയം, ഇറാൻ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയ്ക്ക് വേണ്ടത്ര സഹകരണം നൽകിയില്ലെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധസമയത്ത് യൂറോപ്യൻ രാജ്യങ്ങൾ കാര്യമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ വാദിച്ചെങ്കിലും, ട്രംപ് അത് പൂർണ്ണമായി അംഗീകരിക്കാൻ തയ്യാറായില്ല.