ബാറിലെ സംഘർഷം; കെ. സുധാകരന്റെ ലഹരിവിരുദ്ധ യോഗത്തിൽ പങ്കെടുത്ത കുപ്രസിദ്ധ ഗുണ്ട കൊലപാതക ശ്രമത്തിന് പിടിയിൽ
കൊച്ചി: മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരന്റെ ലഹരിവിരുദ്ധ യോഗത്തിൽ പങ്കെടുത്ത കുപ്രസിദ്ധ ഗുണ്ട ബാറിലെ സംഘർഷത്തെ തുടർന്ന് പിടിയിൽ. ഓപറേഷൻ തൂഫാന് പിന്തുണയർപ്പിച്ച് നടത്തിയ തൂഫാൻ വാരിയർ യോഗത്തിലാണ് ഇയാൾ പങ്കെടുത്തത്. മട്ടാഞ്ചേരി ബാറിൽവെച്ച് മാരകായുദ്ധങ്ങളുമായി ഒരാളെ ആക്രമിച്ച കേസിലാണ് മട്ടാഞ്ചേരി ഷിബു എന്നയാൾ പിടിയിലായത്.
തൂഫാൻ വാരിയറെന്ന പേരിൽ ഗുണ്ടകൾ വിളിച്ചുചേർത്ത യോഗത്തിൽ കെ. സുധാകരൻ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതികളും ഗുണ്ടാ നേതാക്കളുമടക്കം പങ്കെടുത്ത യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ സുധാകരന് തൊട്ടടുത്ത് തന്നെ ഷിബുവും ഉണ്ടായിരുന്നു. എന്നാൽ ഒരു കൂട്ടം ആളുകൾ വന്ന് ഓപറേഷൻ തൂഫാന് പിന്തുണ അർപ്പിച്ച് തന്നെ വന്ന് കാണുകയായിരുന്നുവെന്നായിരുന്നു സുധാകരന്റെ വാദം.
പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ഇത്തരം പൊതുവേദികളിൽ ഇടംപിടിച്ചതെന്ന് ആക്ഷേപമുണ്ട്. ബാറിലുണ്ടായ തർക്കത്തിനിടെ മാരകായുധങ്ങളുമായി യുവാവിനെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.