പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മാരക ഫംഗസ്; യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾക്ക് വിദഗ്ദരുടെ മുന്നറിയിപ്പ്
വാഷിങ്ടൺ: പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മാരക ഫംഗസിനെ കുറിച്ച് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിദഗ്ദർ. ‘സ്പോറോത്രിക്സ് ബ്രസീലിയൻസിസ്’എന്ന അപകടകാരിയായ ഫംഗസ് ബാധ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് അതിവേഗം പടരുന്നതായാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്. പൂച്ചകളുടെ ചർമ്മത്തിൽ കടുത്ത വ്രണങ്ങളും പഴുപ്പും ഉണ്ടാക്കുന്ന ഈ ഫംഗസ് ബാധ, ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂച്ചകളുടെ നഖങ്ങളിൽ നിന്നുള്ള പോറലുകൾ, കടിയേൽക്കൽ, അവയുടെ വ്രണങ്ങളിൽ നേരിട്ട് സ്പർശിക്കൽ എന്നിവയിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്.
മനുഷ്യരിൽ കടുത്ത വേദനയുണ്ടാക്കുന്ന ചർമ്മരോഗങ്ങൾക്കും അൾസറുകൾക്കും ഈ ഫംഗസ് കാരണമാകുന്നു. പ്രതിരോധശേഷി കുറഞ്ഞവരെ ബാധിച്ചാൽ ഇത് ആന്തരികാവയവങ്ങളെയും ശ്വാസകോശത്തെയും ബാധിച്ച് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഈ ഫംഗസ് ബാധയുടെ ഏറ്റവും സങ്കീർണ്ണമായ വശം, രോഗബാധിതരായ പൂച്ചകളിൽ മാസങ്ങളോളമോ വർഷങ്ങളോളമോ രോഗലക്ഷണങ്ങൾ പുറത്തു കാണിക്കില്ല എന്നതാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഈ സമയത്തും ഇവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. കൂടാതെ, സാധാരണ ഫംഗസുകളിൽ നിന്ന് വ്യത്യസ്തമായി പൂച്ചകളുടെ തുമ്മലിലൂടെയും സമ്പർക്കത്തിലൂടെയും മറ്റ് പൂച്ചകളിലേക്കും മൃഗങ്ങളിലേക്കും വളരെ എളുപ്പത്തിൽ വ്യാപിക്കും.
ബ്രസീലിൽ തുടങ്ങി നിലവിൽ ചിലിയടക്കമുള്ള നിരവധി ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ രോഗം, മറ്റ് ഭൂഖണ്ഡങ്ങളിലേക്കും പടരാൻ സാധ്യതയേറെയാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇതിനായി വിപണിയിൽ പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ലഭ്യമല്ലാത്തതും രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന കാലതാമസവും പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. വന്യജീവികളിലും പക്ഷികളിലും പോലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാൽ ആഗോളതലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും വളർത്തുപൂച്ചകളുടെ ആരോഗ്യകാര്യത്തിൽ ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.