നഷ്ടം കാരണം ഉച്ച സർവീസ് നിർത്തി; പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് 7500 രൂപ പിഴ
ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നടത്താതെയിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ എന്ന സ്വകാര്യ ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപയാണ് എം.വി.ഡി ബസുടമയിൽ നിന്ന് ഈടാക്കിയത്.
സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമായി കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചപ്പോൾ, അതിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച ബസാണ് ലിറ്റിൽ ഫ്ലവർ. അന്ന് മുതൽ പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി വന്ന ബസ് കടുത്ത സാമ്പത്തിക നഷ്ടത്തെ തുടർന്നാണ് ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് നിർത്തിവെച്ചത്. എന്നാൽ സർവീസ് മുടങ്ങിയതിനെതിരെ ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴ ചുമത്തുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചതെന്ന് ബോധ്യപ്പെടുത്തിയിട്ടും പിഴ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ പറഞ്ഞു. പിഴയിട്ട തുക കണ്ടെത്താൻ ഇനി രണ്ടാഴ്‌ച സർവീസ് നടത്തിയാലും സാധിക്കാത്ത അത്രയും കടുത്ത പ്രതിസന്ധിയിലാണ് തങ്ങളെന്നും ഉടമ വ്യക്തമാക്കി.
നിലവിൽ വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സർവീസുകൾ ഒട്ടും ലാഭകരമല്ലാത്ത സാഹചര്യത്തിൽ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്. അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. ബസുടമകൾക്ക് ആശ്വാസമായി ഇതിനോടകം തന്നെ റോഡ് നികുതിയിൽ 59 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ ചൂണ്ടിക്കാട്ടി.