21/07/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ ഹൃദയവും ആത്മാവും അവർക്കൊപ്പമാണ്’; ചരിത്ര വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാകയേന്തി ഈജിപ്ത് കോച്ച്

 ‘എന്റെ ഹൃദയവും ആത്മാവും അവർക്കൊപ്പമാണ്’; ചരിത്ര വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാകയേന്തി ഈജിപ്ത് കോച്ച്

ഡാളസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ നാടകീയ വിജയത്തിന് പിന്നാലെ ഫലസ്തീൻ ജനതയ്ക്ക് വൈകാരികമായ രീതിയിൽ പിന്തുണ പ്രഖ്യാപിച്ച് ഈജിപ്ഷ്യൻ മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. അമേരിക്കയിലെ ഡാളസിൽ നടന്ന പ്രീ-ക്വാർട്ടർ യോഗ്യതാ മത്സരത്തിൽ (റൗണ്ട് ഓഫ് 32) ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഈജിപ്ത് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ഈ ചരിത്രനേട്ടത്തിന്റെ ആഹ്ലാദപ്രകടനങ്ങൾക്കിടയിലാണ് ഹൊസാം ഹസ്സൻ ഫലസ്തീൻ പതാക കൈയിലേന്തിയത്. ഈ വലിയ വിജയം അദ്ദേഹം ഈജിപ്തിനൊപ്പം ഫലസ്തീൻ ജനതയ്ക്കും സമർപ്പിച്ചു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹസ്സൻ ഫലസ്തീനോടുള്ള തന്റെ പൂർണ്ണമായ പിന്തുണ വെളിപ്പെടുത്തി. “എന്റെ ഹൃദയവും ആത്മാവും അവർക്കൊപ്പമാണ്. രക്തസാക്ഷികളായവർക്ക് മേൽ ദൈവത്തിന്റെ കാരുണ്യമുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ ചരിത്ര വിജയം ഞാൻ ഈജിപ്തിലെ ജനങ്ങൾക്കും ഒപ്പം നന്മ നിറഞ്ഞവരും ഉദാരമതികളുമായ ഫലസ്തീൻ ജനതയ്ക്കും സമർപ്പിക്കുന്നു” – അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം ജയിച്ച് ഈജിപ്ത് മുന്നേറുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലും താൽക്കാലിക ടെന്റുകളിലും ഇരുന്ന് മത്സരം തത്സമയം കണ്ടിരുന്ന ഫലസ്തീൻ ആരാധകർക്കും ഈ കനത്ത പോരാട്ടത്തിന്റെ വിജയം വലിയ ആഹ്ലാദ നിമിഷമാണ് സമ്മാനിച്ചത്.

ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. തുടക്കം മുതൽ ഇരുടീമുകളും മികച്ച ആക്രമണമാണ് അഴിച്ചുവിട്ടത്. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ഓസ്ട്രേലിയയുടെ ക്രിസ്റ്റ്യൻ വോൾപാറ്റോയുടെ ഒരു ലോങ് റേഞ്ചർ ഈജിപ്ഷ്യൻ പോസ്റ്റിന്റെ ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചിരുന്നു. തൊട്ടുപിന്നാലെ ജോർദാൻ ബോസിന്റെ ഒരു മുന്നേറ്റം ഈജിപ്ഷ്യൻ താരം റാമി റാബിയ കൃത്യമായ ഇടപെടലിലൂടെ തടഞ്ഞു.

എന്നാൽ കളിയുടെ 13-ാം മിനിറ്റിൽ ഈജിപ്ത് ആദ്യ വെടിപൊട്ടിച്ചു. കരീം ഹഫീസ് ഇടതുഭാഗത്തുനിന്ന് നൽകിയ മികച്ചൊരു ക്രോസ്സ് ബോക്സിനുള്ളിൽ വെച്ച് തകർപ്പൻ ഡൈവിങ് ഹെഡറിലൂടെ ഇമാം അഷൂർ വലയിലെത്തിക്കുകയായിരുന്നു (1-0). ഓസ്ട്രേലിയൻ ഗോൾകീപ്പർ പാട്രിക് ബീച്ചിന് പന്ത് തടയാൻ ഒരവസരവും ലഭിച്ചില്ല. ആദ്യ പകുതിയിൽ ഈജിപ്ത് ആധിപത്യം പുലർത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി മാറി മറിഞ്ഞു. 55-ാം മിനിറ്റിൽ ഓസ്ട്രേലിയക്ക് അനുകൂലമായി ലഭിച്ച ഒരു ഫ്രീക്കിക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിക്ക് അബദ്ധം പിണഞ്ഞു. ഹാനിയുടെ തലയിൽ തട്ടിയ പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ഓസ്ട്രേലിയ മത്സരത്തിൽ ഒപ്പമെത്തി (1-1 ഓൺ ഗോൾ).

തുടർന്ന് ഇരുടീമുകൾക്കും ലീഡ് നേടാൻ സുവർണ്ണാവസരങ്ങൾ ലഭിച്ചു. റാമി റാബിയയുടെ ശക്തമായ ഹെഡർ ഓസ്ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. ഈജിപ്തിന്റെ ഹൈസം ഹസ്സന്റെ ഗോളുറച്ചൊരു ഷോട്ട് ഓസ്ട്രേലിയൻ താരം ഹാരി സൌട്ടർ മികച്ചൊരു ബ്ലോക്കിലൂടെ രക്ഷപ്പെടുത്തി. സൂപ്പർ താരം മുഹമ്മദ് സലാഹിന് അധികസമയത്ത് ലഭിച്ച ഒരു മികച്ച അവസരം ബാറിന് മുകളിലൂടെ പറന്നുപോവുകയും ചെയ്തു. ഒടുവിൽ ഷൂട്ടൗട്ടിൽ കടുത്ത സമ്മർദത്തെ അതിജീവിച്ചാണ് ഈജിപ്ത് ജയം പിടിച്ചെടുത്തത്.

Also read: