‘മകൻ കടുത്ത മദ്യപാനി, ആസിഡ് കുടിപ്പിച്ചു’; ആത്മഹത്യയെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകം, മാതാപിതാക്കൾ അറസ്റ്റിൽ
രാജ്കോട്ട്: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ താമസിക്കുന്ന റാം ഭർവാദിനെ ജൂൺ 30-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനെ നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയും ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു മാതാപിതാക്കളായ ബാബുഭായ് ബാംവയും മനീഷബെൻ ബാംവയും ശ്രമിച്ചത്. സ്വാധീനം ഉപയോഗിച്ച് ഗോണ്ടൽ സിവിൽ ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഇവർ നീക്കം നടത്തിയിരുന്നു. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച് റാമിന്റെ ഭാര്യ ബൻഷി പോലീസിൽ പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് റാമിന്റെ മരണം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ മരണം ശ്വാസം മുട്ടിച്ചതിനെത്തുടർന്നാണെന്ന് വ്യക്തമാവുകയും മാതാപിതാക്കളുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തുകയും ചെയ്തതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുറ്റം സമ്മതിച്ചു.
മകന്റെ മദ്യപാന ശീലത്തെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നു. സംഭവദിവസവും ഉണ്ടായ തർക്കത്തിനിടയിൽ അമ്മ മകനെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയും തുടർന്ന് അച്ഛൻ മകനെ മർദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് രാജ്കോട്ട് റൂറൽ എസ്.പി വിജയ് സിംഗ് ഗുർജാർ അറിയിച്ചു.