22/07/2026
[fontresizer_tawhidurrahmandear_widget]

തടവറയിൽ നിന്ന് ബീജം കടത്തി അച്ഛന്മാരായി, ഒടുവിൽ മോചിതരായപ്പോൾ നാടുകടത്തൽ; സ്വന്തം കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനാവാതെ ഫലസ്തീൻ തടവുകാർ

 തടവറയിൽ നിന്ന് ബീജം കടത്തി അച്ഛന്മാരായി, ഒടുവിൽ മോചിതരായപ്പോൾ നാടുകടത്തൽ; സ്വന്തം കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനാവാതെ ഫലസ്തീൻ തടവുകാർ

റമല്ല: ഇസ്രയേൽ തടവറയിൽ നിന്നും മോചിതരായെങ്കിലും സ്വന്തം നാടിനേയും കുടുംബത്തേയും കാണാനാവാതെ ഫലസ്‌തീൻ തടവുകാർ സങ്കടക്കടലിൽ. സ്വന്തം കുഞ്ഞുങ്ങളെ ഒരു നോക്ക് നേരെ കാണാൻ പോലും ഇവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ജയിലിന് പുറത്തിറങ്ങാതെ തന്നെ ഇക്കൂട്ടത്തിൽ പലരും അച്‌ഛന്മാരായി എന്നതാണ് ഇതിലെ അതിശയകരമായ വസ്തുത. വ്യത്യസ്‌തമായ പല വഴികളിലൂടെ രഹസ്യമായി തങ്ങളുടെ ബീജങ്ങൾ പലസ്‌തീനിലേക്ക് കടത്തിയാണ് ഇസ്രയേലിൽ തടവിലാക്കപ്പെട്ട ഭർത്താക്കന്മാരിൽ നിന്നും ഫലസ്തീനിലുള്ള ഭാര്യമാർ ഗർഭം ധരിച്ചത്.

ഇങ്ങനെ ജനിച്ച പല കുട്ടികളും ഇന്ന് വളർന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വയസ്സുള്ള അക്രമും രണ്ട് വയസ്സുള്ള ജൂലിയയും അവരുടെ പിതാവ് അംജദ് അൽ-നജ്ജാറിനെ അറിയുന്നത് ഫോട്ടോഗ്രാഫുകളിലൂടെയും ഫോൺ കോളുകളിലൂടെയും മാത്രമാണ്. അംജദ് അൽ-നജ്‌ജാർ ഇസ്രയേലിൽ ഒരു പതിറ്റാണ്ട് നീണ്ട തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത്, ജയിലിൽ നിന്ന് രഹസ്യമായി കടത്തിക്കൊണ്ടുവന്ന ബീജം ഉപയോഗിച്ചാണ് ഭാര്യ ഗർഭം ധരിച്ചത്. കർശനമായ സന്ദർശന നിയമങ്ങൾ കാരണം, ജയിലിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അദ്ദേഹം തന്റെ കുട്ടികളെ ഒരിക്കലും കണ്ടിട്ടില്ല.

2025-ൽ മോചിതനായപ്പോൾ, വേർപിരിയൽ ഒടുവിൽ അവസാനിച്ചുവെന്ന് അംജദ് കരുതി. പകരം, അദ്ദേഹത്തെ ഈജിപ്‌തിലേക്ക് നാടുകടത്തുകയാണുണ്ടായത്. ഭാര്യയും കുട്ടികളും ഇപ്പോഴും വെസ്‌റ്റ് ബാങ്കിൽ തന്നെ തുടരുകയാണ്. ‘എന്റെ കുടുംബവുമായുള്ള ആദ്യ കൂടിക്കാഴ്‌ച ഞാൻ വിചാരിച്ചതുപോലെ നടക്കാത്തതിനാൽ ഈ സ്വാതന്ത്യത്തിന്റെ പ്രധാന ഭാഗം അപൂർണ്ണമായി തുടർന്നു. ഒട്ടും സന്തോഷം തോന്നുന്നില്ല. ജീവിതം വീണ്ടെടുക്കാനുള്ള പാത ഇനിയും നീണ്ടതാണ്,’ അദ്ദേഹം അൽ ജസീറയോട് വ്യക്തമാക്കി.

ഇസ്രയേലി ജയിലിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ബീജം ഉപയോഗിച്ചാണ് പത്തുവയസ്സുകാരി ബുഷ്റയും ജനിച്ചത്. അവളുടെ പിതാവ് അഹമ്മദ് ഹമീദ് 22 വർഷം ജയിലിൽ കിടന്നതിനു ശേഷം മോചിതനായി നേരെ ഈജിപ്‌തിലേക്ക് നാടുകടത്തപ്പെടുകയായിരുന്നു. ബുഷ്റയുടെ അമ്മ ഇനാസ്, കെയ്‌റോയിലേക്ക് പോകാൻ പലതവണ അനുമതി തേടിയെങ്കിലും ഇസ്രയേൽ അധികൃതർ എല്ലാ അഭ്യർത്ഥനകളും നിരസിച്ചു. ബുഷ്റയ്ക്ക് ഒടുവിൽ അമ്മായിയോടൊപ്പം ഈജിപ്‌തിൽ തൻ്റെ പിതാവിനെ കാണാൻ കഴിഞ്ഞു, പക്ഷേ വെസ്‌റ്റ് ബാങ്കിൽ തിരിച്ചെത്തിയ ശേഷം ഇരുവരെയും ഇസ്രയേൽ സേന ചോദ്യം ചെയ്‌തു. ബാര എന്ന കുട്ടിക്ക് 22 വയസുള്ളപ്പോഴാണ് അച്ഛൻ അറസ്‌റ്റിലായത്. ബാരയുടെ വിവാഹം നടക്കാനൊരുങ്ങുന്ന ഈ സന്തോഷ നിമിഷത്തിലും ഒപ്പം നിൽക്കാൻ അച്ഛനില്ലാത്ത അവസ്ഥയാണ്.

2025-ലെ ഇസ്രയേൽ-ഹമാസ് തടവുകാരുടെ കൈമാറ്റ ഉടമ്പടിയെ തുടർന്ന് ഒട്ടനവധി പലസ്തീനി തടവുകാർ ജയിൽ മോചിതരായിരുന്നു. എന്നാൽ മോചിതരായ തടവുകാരെ ഈജിപ്തിലേക്ക് നാടു കടത്തുകയാണ് ചെയ്‌തത്. കൈമാറുന്ന തടവുകാരെ വെസ്‌റ്റ് ബാങ്കിലേക്ക് അയക്കാതെ വിദേശത്തേക്ക് നാടുകടത്തുമെന്ന കടുത്ത വ്യവസ്‌ഥയിലാണ് ഇസ്രയേൽ ഹമാസുമായുള്ള കരാറിൽ ഒപ്പിട്ടത്.

Also read: