ഓൺലൈൻ ബെറ്റിങ്ങിൽ നഷ്ടം; പണവും സ്വർണവും കൊള്ളയടിച്ച് 55-കാരിയെ കിണറ്റിലിട്ടു; 21 മണിക്കൂറിന് ശേഷം ട്വിസ്റ്റ്
കരിംനഗർ: ഓൺലൈൻ ചൂതാട്ടത്തിന് അടിമപ്പെട്ട് കടക്കാരനായ യുവാവ് ജോലി നൽകാമെന്ന വ്യാജേന 55-കാരിയെ വിളിച്ച് വരുത്തി പണവും സ്വർണയും കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ്. കൊല്ലാൻ വേണ്ടി യുവതിയെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച ഡിഗ്രി വിദ്യാർത്ഥിയെ തെലങ്കാന റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ നീന്തൽ അറിയാവുന്ന യുവതി കിണറ്റിലെ മോട്ടോർ പൈപ്പിലും കയറിലും തൂങ്ങിക്കിടക്കുകയായിരുന്നു. 21 മണിക്കൂറിനു ശേഷം അടുത്ത ദിവസം കൃഷിയിടത്തിൽ പണിക്കെത്തിയ സ്ത്രീകളാണ് ഇവരുടെ ശബ്ദം കേട്ട് രക്ഷപ്പെടുത്തിയത്.
ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ വിജനമായ സ്ഥലത്ത് എത്തിച്ചാണ് യുവാവ് ഇവരെ കൊള്ളയടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വീട്ടാനാണ് ഈ ക്രൂരത കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്. രക്ഷപ്പെട്ട സ്ത്രീ നൽകിയ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടുകയും ഇയാളിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു.