20/07/2026
[fontresizer_tawhidurrahmandear_widget]

‘ഇന്റർലോക്ക് കട്ട,പേനാക്കത്തി ഇവ കൊണ്ട് ആക്രമണം’;ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

 ‘ഇന്റർലോക്ക് കട്ട,പേനാക്കത്തി ഇവ കൊണ്ട് ആക്രമണം’;ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുത്തു. ഗൾഫിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹാദിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഖാദർ കരിപ്പൊടിയും കൂട്ടാളികളും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ഖാദറിന് പുറമെ സുഹൃത്തുക്കളായ റാഷിദ് എന്ന സാക്കി, അഷറഫ് എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുള്ളത്. പ്രതികൾക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കടുത്ത ശിക്ഷാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കാസർകോട് അണങ്കൂരിൽ വെച്ചാണ് അഹാദിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. റോഡരികിൽ കിടന്നിരുന്ന ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അഹാദിന്റെ പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ മുഖത്തും കണ്ണിനും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ അഹാദ് നിലവിൽ കാസർകോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖാദർ കരിപ്പൊടിയും സംഘവും ചേർന്ന് അഹാദിനെ ക്രൂരമായി മർദിക്കുന്നതിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഖാദർ കരിപ്പൊടിക്കെതിരെ കാസർകോട്ടെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്. മുൻപ് തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലും സൈബർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Also read: