21/07/2026
[fontresizer_tawhidurrahmandear_widget]

കാനറികളെ ഞെട്ടിച്ച് ഹാലൻഡിൻ്റെ ഇരട്ടപ്രഹരം; നോർവേ ക്വാർട്ടർ ഫൈനലിൽ

 കാനറികളെ ഞെട്ടിച്ച് ഹാലൻഡിൻ്റെ ഇരട്ടപ്രഹരം; നോർവേ ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ വൻ അട്ടിമറി. അഞ്ച് തവണ ലോകകിരീടം ചൂടിയ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) തകർത്ത് നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേക്കായി സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകളാണ് കാനറികളുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തുകളഞ്ഞത്. മത്സരത്തിന്റെ ഇൻജുറി ടൈമിൽ നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
തുടക്കം മുതൽ ഇരുടീമുകളും മികച്ച അറ്റാക്കിങ് ഫുട്ബോളാണ് പുറത്തെടുത്തത്. മൂന്നാം മിനിറ്റിൽ തന്നെ ബ്രസീൽ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് നോർവേയുടെ ലിയോ ഓസ്റ്റിഗാർഡ് വലകുലുക്കിയെങ്കിലും അലക്സാണ്ടർ സോർലോട് ഓഫ്‌സൈഡ് ആണെന്ന് വി.എ.ആർ കണ്ടെത്തിയതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

മത്സരത്തിന്റെ 14-ാം മിനിറ്റിൽ ബ്രസീലിന് മത്സരത്തിൽ മുന്നിലെത്താൻ വലിയൊരു സുവർണ്ണാവസരം ലഭിച്ചു. ബോക്സിനുള്ളിൽ വെച്ച് പരാഗ്വേ താരം ക്രിസ്റ്റഫർ ആഞ്ചർ ബ്രസീലിന്റെ മാത്യൂസ് കുൻഹയെ വീഴ്ത്തിയതിന് വി.എ.ആർ പരിശോധനയിലൂടെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ കിക്കെടുത്ത മധ്യനിര താരം ബ്രൂണോ ഗുമിറെസിന്റെ ഷോട്ട് നോർവേ ഗോൾകീപ്പർ ഓർജൻ നൈലാൻഡ് അത്യുഗ്രൻ സേവിലൂടെ തട്ടിയകറ്റി ബ്രസീലിനെ നിരാശരാക്കി.
40-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഉറച്ച ഗോൾശ്രമവും നൈലാൻഡ് കാൽക്കൊണ്ട് തട്ടിയകറ്റി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ യുവതാരം എൻഡ്രിക്കിനും ഓപൺ ഗോൾ അവസരം ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചാണ് മുന്നോട്ടുപോയത്.

മത്സരത്തിൽ അധികം പന്ത് തൊടാൻ സാധിക്കാതിരുന്ന എർലിങ് ഹാലൻഡ് കളി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തന്റെ യഥാർത്ഥ വിശ്വരൂപം പുറത്തെടുത്തു. പകരക്കാരനായി വന്ന ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് നൽകിയ മനോഹരമായ ക്രോസിൽനിന്ന് ബ്രസീൽ ഡിഫെൻഡർമാരെ വായുവിൽ വെട്ടിച്ച് ഹാലൻഡ് തൊടുത്ത അത്യുഗ്രൻ ഹെഡ്ഡർ അലിസൺ ബെക്കറെ കീഴടക്കി വലയിൽ കയറി (1-0). ബ്രസീൽ സമനിലയ്ക്കായി പൊരുതുന്നതിനിടെ കൗണ്ടർ അറ്റാക്കിലൂടെ നോർവേ വീണ്ടും ഞെട്ടിച്ചു. ഷെൽഡ്രൂപ്പ് നൽകിയ പാസ് സ്വീകരിച്ച് ബോക്സിന് വെളിയിൽനിന്ന് ഹാലൻഡ് തൊടുത്ത ലോങ് റേഞ്ചർ ബുള്ളറ്റ് ഷോട്ട് അലിസണെ സാക്ഷിനിർത്തി വലയുടെ കോണിലേക്ക് തുളച്ചുകയറി (2-0). ടൂർണമെന്റിലെ ഹാലൻഡിന്റെ ഏഴാം ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+10-ാം മിനിറ്റിൽ) ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ കാനറികളുടെ ആശ്വാസ ഗോൾ നേടി. എന്നാൽ, അതിനകം കളി ബ്രസീലിന്റെ കൈകളിൽ നിന്നും പൂർണമായി നഷ്ടപ്പെട്ടിരുന്നു. ചരിത്ര ജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച നോർവേ ഇനി ഇംഗ്ലണ്ട് – മെക്സിക്കോ മത്സരത്തിലെ വിജയികളെ നേരിടും. മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ കണ്ണീരോടെ പ്രീക്വാർട്ടറിൽ പുറത്താവുകയും ചെയ്തു.

Also read: