ഫുട്‌ബോൾ മത്സരത്തിൽ തോറ്റു;പകരം വീട്ടാൻ 17-കാരനെ കുത്തിക്കൊന്ന 3 പേർ അറസ്റ്റിൽ
കൊൽക്കത്ത: ഫുട്‌ബോൾ മത്സരത്തിൽ തോറ്റതിന് പകരം വീട്ടാൻ 17-കാരനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊൽക്കത്തയിലെ ബറൂയിപൂരിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രസൻജിത് ബിശ്വാസ് എന്ന കൗമാരക്കാരനായ ഫുട്‌ബോൾ താരമാണ് മത്സരത്തിലെ തോൽവിക്ക് പിന്നാലെയുണ്ടായ എതിർ ടീമിനെ സപ്പോർട്ട് ചെയ്യുന്നവർക്കുണ്ടായ പകയെ തുടർന്ന് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ബറൂയിപൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബറൂയിപൂരിലെ സീതാകുണ്ഡു മൈതാനത്ത് നടന്ന ഒരു പ്രാദേശിക ഫുട്‌ബോൾ മത്സരത്തിൽ പ്രസൻജിത്തിന്റെ ടീം വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ എതിർ ടീമിനെ പിന്തുണയ്ക്കുന്നവർ മത്സരം കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വെച്ച് വളയുകയായിരുന്നു. തുടർന്ന് മൂർച്ചയേറിയ കഠാര ഉപയോഗിച്ച് പ്രസൻജിത്തിന്റെ കഴുത്തിലും ശരീരത്തിലും മാരകമായി കുത്തി പരിക്കേൽപ്പിച്ചു. ചോര വാർന്ന് നിലത്തു വീണ പ്രസൻജിത്തിനെ നാട്ടുകാർ ഉടൻ തന്നെ ബറൂയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതക വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷവും സംഘർഷവുമുണ്ടായി. നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ആശുപത്രി വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും ചെയ്തു. ക്രമസമാധാന നില തകരാറിലായതിനെ തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസിന് ദ്രുതകർമ്മ സേനയെ (ആർഎഎഫ്) വരെ രംഗത്തിറക്കേണ്ടി വന്നു. നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.