25/07/2026
[fontresizer_tawhidurrahmandear_widget]

കബളിപ്പിച്ച് വീഡിയോ എടുത്തു, ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത് 51.8 ലക്ഷം രൂപ; ഉഡുപ്പിയിൽ അറസ്റ്റിലായ സീനത്തിനെതിരെ 3-ാമത്തെ കേസ് രജിസ്റ്റർ ചെയ്തു

 കബളിപ്പിച്ച് വീഡിയോ എടുത്തു, ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത് 51.8 ലക്ഷം രൂപ; ഉഡുപ്പിയിൽ അറസ്റ്റിലായ സീനത്തിനെതിരെ 3-ാമത്തെ കേസ് രജിസ്റ്റർ ചെയ്തു

ഉഡുപ്പി: പ്രമുഖരെ കേന്ദ്രീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സീനത്തിനെതിരെ(41) രണ്ട് വഞ്ചനാ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ബണ്ണഞ്ചെ സ്വദേശിയായ അബ്ദുൾ ജലീൽ എന്ന തുണി വ്യാപാരി നൽകിയ പരാതിയിലാണ് സീനത്തിനും ഇവരുടെ കൂട്ടാളികൾക്കും എതിരെ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് വർഷം മുൻപ് സീനത്തും ഇവരുടെ കൂട്ടാളിയായ ഗീതാ റാവു എന്ന സ്ത്രീയും ചേർന്ന് സെൽഫി എടുക്കാനെന്ന വ്യാജേന മൊബൈൽ ഫോണിൽ അബ്ദുൾ ജലീലിനൊപ്പമുള്ള ചില വീഡിയോകൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ അബ്ദുൾ ജലീലിന്റെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. കൂടാതെ പോലീസിൽ വ്യാജ പീഡനക്കേസ് നൽകി നാണംകെടുത്തുമെന്നും പറഞ്ഞ് അബ്ദുൾ ജലീലിൽ നിന്ന് പ്രതികൾ പല തവണകളായി ഓൺലൈൻ വഴിയും നേരിട്ടും 36.8 ലക്ഷം രൂപ തട്ടിയെടുത്തു.

ഇതിനുപുറമെ, പ്രതികളുടെ ഭീഷണിക്ക് വഴങ്ങി ഗീതാ റാവു എന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ കൂടി അബ്ദുൾ ജലീലിന് കൈമാറേണ്ടി വന്നു. പണം തീർന്നതോടെ പ്രതികൾ ഇയാളുടെ സ്വർണാഭരണങ്ങളും ഒപ്പിട്ട ഒഴിഞ്ഞ ബാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും വരെ ഭീഷണിപ്പെടുത്തി എഴുതിവാങ്ങി. തട്ടിപ്പിൽ സീനത്തിനും ഗീതാ റാവുവിനും ഒപ്പം ആസിഫ് എന്നയാളും പങ്കാളിയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത് തുടർന്നുകൊണ്ടേയിരുന്നതോടെയാണ് അബ്ദുൾ ജലീൽ ഒടുവിൽ പോലീസിനെ സമീപിക്കാൻ തയ്യാറായത്. അബ്ദുൾ ജലീലിന്റെ പരാതിയിൽ സീനത്ത്, ഗീതാ റാവു, ആസിഫ് എന്നിവർക്കെതിരെ വഞ്ചന, ഭീഷണിപ്പെടുത്തൽ, ആസൂത്രിത ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്.

റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായ സന്തോഷ് ഷെട്ടിയിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് സീനത്തിനെ ഉഡുപ്പി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയതോടെയാണ് ഇവരുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നു. ഇതോടെ പ്രതിക്കെതിരെ ഉഡുപ്പി ടൗൺ പോലീസ് സ്‌റ്റേഷനിൽ രണ്ട് പുതിയ എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. നിരവധി പ്രമുഖരിൽ നിന്നായി കോടിക്കണക്കിന് രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.

മണിപ്പാൽ ഈശ്വര നഗർ സ്വദേശിയായ ശരത് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സീനത്തിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 സെപ്റ്റംബർ 27ന് ഉഡുപ്പിയിലെ കടിയാലി എന്ന സ്ഥലത്തുവെച്ച് ശരത് പ്രതിയായ സീനത്തിന് 4.3 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ കുറേക്കാലം കഴിഞ്ഞിട്ടും പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് ശരത് പണം ആവശ്യപ്പെട്ട് സന്തോഷ് നഗറിലുള്ള സീനത്തിന്റെ വീട്ടിലെത്തി. ഈ സമയത്ത് പ്രതിയായ സീനത്തും ഇവരുടെ സഹോദരന്റെ ഭാര്യയായ നഫീസ അഫ്രീനും ചേർന്ന് ശരത്തിനെ ചീത്തവിളിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. തങ്ങൾക്ക് രാഷ്ട്രീയക്കാരും ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഇവർ, പണം തിരികെ ചോദിച്ച് ഇനി മേലാൽ ഈ വഴിക്ക് വന്നാൽ ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, അധിക്ഷേപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് (എസ്.പി) ഹരിറാം ശങ്കറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയായ സീനത്തിന്റെ വീട്ടിലും താവളങ്ങളിലും പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഒരു ഈ പെൻെ്രെഡവിൽ ജില്ലയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ, വൻകിട വ്യാപാരികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ നിരവധി സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോ ദൃശ്യങ്ങളും ഉള്ളതായാണ് പോലീസ് നൽകുന്ന സൂചന. സമൂഹത്തിൽ ഉയർന്ന പദവികളിലിരിക്കുന്ന വ്യക്തികളെ കെണിയിൽ വീഴ്ത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം കോടികൾ ബ്ലാക്ക് മെയിൽ ചെയ്ത് വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.

നാണക്കേട് ഭയന്ന് പല ഇരകളും പരാതി നൽകാൻ മടിക്കുകയാണെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇപ്പോൾ മൂന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ ആളുകൾ ധൈര്യപൂർവ്വം പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പിടിച്ചെടുത്ത പെൻെ്രെഡവിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്നും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും എസ്.പി ഹരിറാം ശങ്കർ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും സീനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Also read: