ഭോജ്ശാല കമൽ മൗല മസ്ജിദ് തർക്കം; ജുമുഅ നമസ്‌കരിക്കാൻ താൽക്കാലിക സ്ഥലം നൽകണമന്ന് മധ്യപ്രദേശ് സർക്കാറിന് കോടതി നിർദേശം
ഭോപാൽ: ഭോജ്ശാല കമൽ മൗല മസ്ജിദ് ഭൂമി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ നൽകിയ ഹരജിയിൽ മധ്യപ്രദേശ് സർക്കാറിന് കോടതി നിർദേശം. തർക്ക സ്ഥലത്തിന് തൊട്ടടുത്തായി മുസ്‌ലിംകൾക്ക് ജുമുഅ നമസ്‌കരിക്കാൻ താൽക്കാലികമായി മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് 1 മണിമുതൽ 3 മണി വരെയുള്ള സമയത്തായിരിക്കും ഇവിടെ നമസ്‌കാരത്തിന് സമയം അനുവദിക്കുക.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ച് സർക്കാറിന് നിർദേശം നൽകിയത്. ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്‌റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി ഈ വിഷയത്തിൽ ഇരുപക്ഷവും ക്ഷമയോടെ കാത്തിരിക്കണമെന്നും സമാധാന അന്തരീക്ഷം തകർക്കുന്ന ഉത്തരവുകൾ പുറപ്പെടുവിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയുള്ള ഒരു താൽക്കാലിക സംവിധാനം മാത്രമായിരിക്കും ഈ സർക്കാർ വിട്ട് നൽകുന്ന സ്ഥലമെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം, സുപ്രീം കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഈ ചരിത്ര സ്മാരകത്തിൽ യാതൊരുവിധ നിർമ്മാണ മാറ്റങ്ങളും വരുത്തരുതെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ഭോജ്ശാല സമുച്ചയത്തിൽ വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ മുസ്ലീങ്ങൾക്ക് അനുമതി നൽകിയിരുന്ന 2003ലെ എ.എസ്.ഐ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കഴിഞ്ഞ മെയ് മാസം മധ്യപ്രദേശ് ഹൈക്കോടതി ഈ പ്രദേശം പൂർണമായും ക്ഷേത്രമാണെന്ന് വിധിച്ചത്. ഇതിനെതിരെയാണ് മുസ്‌ലിം സംഘടനകൾ പരമോന്നത കോടതിയെ സമീപിച്ചത്. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം അന്തിമ വാദത്തിനായി വീണ്ടും പരിഗണിക്കും.