വിധി അനുകൂലമാകാൻ കൂടോത്രം, ജഡ്ജിയുടെ കസേരയിൽ കടുക് വിതറിയ 65-കാരി പിടിയിൽ
ചിക്കബല്ലാപ്പൂർ: കോടതി മുറിക്കുള്ളിൽ കടന്ന് ജഡ്ജിയുടെ കസേരയിൽ കൂടോത്രം ചെയ്ത 65-കാരിയായ സ്ത്രീ കർണാടകയിൽ അറസ്റ്റിലായി. കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് കോടതി ജീവനക്കാരെയും അധികൃതരെയും ഒരേപോലെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം നടന്നത്. കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ജൂലൈ ഒൻപതിന് പുലർച്ചെ 9:40ന് ചിക്കബല്ലപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് സംഭവം. മഞ്ജുള ഉൾപ്പെട്ട സ്വകാര്യ തർക്കം സംബന്ധിച്ച കേസ് പരിഗണിക്കും മുൻപായിരുന്നു ഫസ്റ്റ് അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെള്ള കടുക് വിതറിയത്. ജഡ്ജിയുടെ കസേരയിലും ഡയസിലും കടുക് ശ്രദ്ധയിൽപെട്ട ജീവനക്കാരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും മഞ്ജുള കോടതിയിൽ പ്രവേശിച്ച് കടുക് വിതറുന്നത് കണ്ടെത്തിയതും. കേസിൽ അനുകൂല വിധി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ത്രീയുടെ പ്രവൃത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2017ലെ കർണാടക പ്രിവൻഷൻ ആൻ്റ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻ്റ് ബ്ലാക്ക് മാജിക്ക് ആക്ട് പ്രകാരമാണ് പൊലീസിന്റെ നടപടി. അറസ്റ്റിലായ സ്ത്രീയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മഞ്ജുള ചിക്കബല്ലപുറിലെ വലസന്ന സ്വദേശിയാണെന്ന് കോടതി അഡ്മിനിസ്ട്രേഷൻ്റെ പരാതിയിൽ പറയുന്നു.