ലൈവ് സ്ട്രീമിൽ യുവതിയെ അപമാനിച്ച കേസ്: തൊപ്പി ഗ്യാങ്ങിലെ മമ്മു അറസ്റ്റിൽ
മലപ്പുറം: ലൈവ് സ്ട്രീമിങ്ങിനിടെ യുവതിയെ മോശം പരാമർശങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ മുൻ കൂട്ടാളിയും ‘എം.ആർ.എസ് ഗ്യാങ്’ അംഗവുമായ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗായകൻ ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെയാണ് ലൈവ് സ്ട്രീമിങ്ങിനിടെ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അപമാനിച്ചത്. ഈ കേസിൽ യൂട്യൂബർ തൊപ്പിയും പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹനാൻ ഷാ ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പോലീസ് പ്രതിയെ പിടികൂടുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തത്.
അതേസമയം, കേസിൽ പ്രതിയായ യൂട്യൂബർ തൊപ്പി (നിഹാദ്) നിലവിൽ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സൈബർ അറ്റാക്ക് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.