ബിജെപി നേതാവ് വയോധികയുടെ ഫ്ളാറ്റ് കൈയേറി, വാടകയടക്കം കൊടുക്കാനുള്ളത് 20 ലക്ഷത്തോളം; കൈയ്യേറ്റം ചെയ്ത് നാട്ടുകാർ
കൊൽക്കത്ത: ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായി തൃണമൂൽ കോൺഗ്രസ് നേതാക്കളെ മുട്ടയേറും അക്രമിച്ചതിനു പിന്നാലെ സമാനമായി ബിജെപി നേതാവിനെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ. കൊൽക്കത്തയിലെ ന്യൂ ടൗൺ പ്രദേശത്ത് വയോധികയായ ഒരു സ്ത്രീയുടെ ഫ്‌ലാറ്റ് നിയമവിരുദ്ധമായി കൈയേറിയ ബിജെപി നേതാവ് വരുൺ ബിശ്വാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്.
2018ൽ രാജർഹട്ട്‌ന്യൂ ടൗൺ മേഖലയിലുള്ള ഈ ഫ്‌ളാറ്റ് വരുൺ ബിശ്വാസ് വാടകയ്ക്ക് എടുത്തതായിരുന്നു. എന്നാൽ വാടകക്കരാർ കാലാവധി കഴിഞ്ഞിട്ടും, ഉടമയായ 82 വയസ്സുകാരി അനിത ബാനർജി പലതവണ ആവശ്യപ്പെട്ടിട്ടും ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും അഞ്ചു വർഷത്തോളം ഫ്‌ളാറ്റിൽ തുടർന്ന ഇയാൾ ഏകദേശം 16 ലക്ഷം രൂപ വാടകയിനത്തിലും, 3.4 ലക്ഷത്തിലധികം രൂപ സൊസൈറ്റി മെയിന്റനൻസ് ചാർജ് ഇനത്തിലും കുടിശ്ശിക വരുത്തിയതായി വയോധിക പരാതിപ്പെട്ടു. തന്റെ രാഷ്ട്രീയ സ്വാധീനവും ഗുണ്ടാബലവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഫ്‌ളാറ്റ് കൈയേറിയതെന്ന് നാട്ടുകാരും ആരോപിച്ചു.
തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരുൺ ബിശ്വാസിനെ കസ്റ്റഡിയിലെടുത്തു. രാഷാകുലരായ ജനക്കൂട്ടം ‘കള്ളൻ, കള്ളൻ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഇയാൾക്ക് നേരെ മുട്ടകൾ എറിഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ജനങ്ങളുടെ ഈ മുട്ടയേറും മർദ്ദനവും. നാട്ടുകാർ ഇയാളെ തല്ലുകയും മുഖത്തടിക്കുകയും ചെയ്തതോടെ പോലീസ് കഷ്ടപ്പെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പണം തട്ടിയെടുക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് വരുൺ ബിശ്വാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവിന്റെയും വയോധികയുടെ പരാതിയുടെയും അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ സംഭവത്തോട് പ്രതികരിച്ച ബിജെപി എംഎൽഎ പിയൂഷ് കനോഡിയ, ഇത് വരുൺ ബിശ്വാസിന്റെ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു. അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് എടുത്ത നടപടി ശരിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.