21/07/2026
[fontresizer_tawhidurrahmandear_widget]

സർക്കാർ സ്‌കൂളുകളിലെ സൗജന്യ കെ ഫോൺ നിർത്തലാക്കി; ഇനി സേവനം ബില്ലടച്ചാൽ മാത്രം

 സർക്കാർ സ്‌കൂളുകളിലെ സൗജന്യ കെ ഫോൺ നിർത്തലാക്കി; ഇനി സേവനം ബില്ലടച്ചാൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെഫോൺ ഇന്റർനെറ്റ് സേവനം സർക്കാർ നിർത്തലാക്കി. ഇനിമുതൽ പ്രതിമാസ ബിൽ തുക കൃത്യമായി അടയ്ക്കുന്ന സ്‌കൂളുകൾക്ക് മാത്രമേ കെഫോൺ ഇന്റർനെറ്റ് സേവനം ലഭ്യമാകൂ. ഇതുസംബന്ധിച്ച് കെഫോൺ അധികൃതർ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ ആറായിരത്തിലധികം സർക്കാർ സ്‌കൂളുകളിലാണ് നിലവിൽ കെഫോൺ കണക്ഷൻ നൽകിയിട്ടുള്ളത്. നിലവിലുള്ള കണക്ഷനുകളുടെ കാലാവധി പുതുക്കേണ്ട സമയമായതോടെയാണ് സേവനത്തിന് പണം ഈടാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഇനിമുതൽ ഒരു സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകില്ലെന്നും കെഫോൺ അധികൃതർ വ്യക്തമാക്കി.

തുടർന്നും കെഫോൺ സേവനം ആവശ്യമുണ്ടോ എന്ന കാര്യം സ്‌കൂളുകൾ ബന്ധപ്പെട്ട അധികൃതരെ ഔദ്യോഗികമായി അറിയിക്കണം. ഇന്റർനെറ്റ് ആവശ്യമുള്ള സ്‌കൂളുകൾ അതിനുള്ള പ്രതിമാസ ബിൽ തുക സ്വന്തമായി കണ്ടെത്തേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. സ്‌കൂളുകളുടെ ദൈനംദിന ഭരണനിർവഹണം, ഹൈടെക് ക്ലാസ്‌റൂമുകൾ, ഡിജിറ്റൽ പഠനം എന്നിവയ്ക്കായി ഇന്റർനെറ്റിനെ പ്രധാനമായും ആശ്രയിച്ചിരുന്ന സ്ഥാപനങ്ങൾക്ക് ഈ പുതിയ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. പൊതുവിദ്യാഭ്യാസ മേഖലയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹൈടെക് ക്ലാസ് മുറികൾക്കായി സർക്കാർ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.

സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കായി മാറ്റി വെക്കുന്ന പ്രത്യേക ഫണ്ടുകളിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി കെഫോൺ ബില്ലുകൾ അടയ്ക്കാനാണ് നിലവിൽ പ്രധാനാധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കുടിശ്ശിക തുക പൂർണ്ണമായും അടച്ചു തീർക്കുന്ന മുറയ്ക്ക് മാത്രമേ വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി നടത്തിപ്പിൽ മാറ്റം വരുത്താൻ കെഫോൺ അധികൃതരും പൊതുവിദ്യാഭ്യാസ വകുപ്പും നിർബന്ധിതരാകുകയായിരുന്നു എന്നാണ് നിരീക്ഷണം.

Also read: